വി. ബാലചന്ദ്രൻ പുരസ്കാരം ഡോ.എസ്. ജയചന്ദ്രന്
1549045
Friday, May 9, 2025 12:09 AM IST
പൊൻകുന്നം: കവിയും വാഗ്മിയും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന വി. ബാലചന്ദ്രന്റെ സ്മരണാർഥം പനമറ്റം ദേശീയവായനശാല ഏർപ്പെടുത്തിയ 2025ലെ പുരസ്കാരം ഡോ.എസ്. ജയചന്ദ്രന് സമ്മാനിക്കും. 25 വർഷത്തിനിടെ നാൽപ്പതിനായിരം പ്ലാസ്റ്റിക് സർജറി നടത്തിയ കേരളത്തിലെ അറിയപ്പെടുന്ന പ്ലാസ്റ്റിക്, ഹാൻഡ് ആൻഡ് മൈക്രോ സർജനാണ് ഡോ. ജയചന്ദ്രൻ. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് 1986-92 ബാച്ചിൽ എംബിബിഎസും 1993-96 ബാച്ചിൽ ജനറൽ സർജറിയിൽ പിജിയും 1997-99-ൽ പ്ലാസ്റ്റിക് സർജറിയും പൂർത്തിയാക്കി. 1999-2000 കാലയളവിൽ കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലിൽനിന്ന് ഹാൻഡ് ആൻഡ് മൈക്രോസർജറിയിൽ ഫെലോഷിപ്പും നേടി.
2000 മുതൽ കോട്ടയം മാതാ ആശുപത്രിയിലും തുടർന്ന് 2022 മുതൽ കാരിത്താസ് ആശുപത്രിയിലും കൺസൾട്ടന്റ് പ്ലാസ്റ്റിക്, ഹാൻഡ് ആൻഡ് മൈക്രോസർജനാണ്. കാൽനൂറ്റാണ്ടിനിടയിൽ നാൽപ്പതിനായിരത്തിലധികം പ്ലാസ്റ്റിക് സർജറിയും അയ്യായിരത്തിലധികം മൈക്രോസർജറിയും ചെയ്തിട്ടുണ്ട്. 11ന് രാവിലെ 11ന് വായനശാലാഹാളിൽ നടക്കുന്ന വി. ബാലചന്ദ്രൻ അനുസ്മരണ ചടങ്ങിൽ കാഷ് അവാർഡും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം സാഹിത്യകാരൻ അശോകൻ ചരുവിൽ സമ്മാനിക്കും.