ഫ്യൂച്ചർ സ്റ്റാർസ്; സിവിൽ സർവീസ് കോഴ്സ് ഉദ്ഘാടനം നാളെ
1548757
Wednesday, May 7, 2025 11:53 PM IST
കാഞ്ഞിരപ്പള്ളി: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യുക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഓറിയന്റേഷൻ കോഴ്സ് നാളെ രാവിലെ ഒന്പതിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ ആരംഭിക്കും.
കോഴ്സിന്റെ ഉദ്ഘാടനം സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കും. ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ മുഖ്യരക്ഷാധികാരികൂടിയായ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറി എം.ജി. സുജ, കോഴ്സ് കോ-ഓർഡിനേറ്റർ അഭിലാഷ് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
ക്യാമ്പിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസ്, ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിഷ് മോഹൻ ഐആർഎസ് എന്നിവർ കുട്ടികൾക്ക് സിവിൽ സർവീസ് കരിയർ പരിചയപ്പെടുത്തും.
മികച്ച പരിശീലന സ്ഥാപനമായ കരിയർ ഹൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജോർജ് കരുണയ്ക്കലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശീലകർ ക്ലാസുകൾ നയിക്കും. ഫ്യൂച്ചർ സ്റ്റാർസ് ഭാരവാഹികളായ അധ്യാപകർ ബിനോയ് സി. ജോർജ്, എം.എച്ച്. നിയാസ്, എലിസബത്ത് തോമസ്, പ്രിയാ അഭിലാഷ് തുടങ്ങിയവർ കോഴ്സ് കോ-ഓർഡിനേറ്റർമാരായി പ്രവർത്തിക്കും.
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർഥികൾക്കാണ് കോഴ്സിൽ അഡ്മിഷൻ നൽകിയിരിക്കുന്നത്. കോഴ്സ് തികച്ചും സൗജന്യമാണ്. രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ക്ലാസ്. തുടർന്ന് ഓൺലൈനായി നൽകുന്ന ക്ലാസുകളിലൂടെ കോഴ്സ് പൂർത്തീകരിച്ച കുട്ടികൾക്ക് സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള ആഭിമുഖ്യവും ലക്ഷ്യബോധവും നൽകും.