ഇന്നവേഷൻ മാരത്തണിൽ ചെമ്മലമറ്റം സ്കൂളിന് നേട്ടം
1548753
Wednesday, May 7, 2025 11:53 PM IST
ചെമ്മലമറ്റം: ഇന്ത്യാ ഗവൺമെന്റിന്റെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷൻ നടത്തിയ ഇന്നവേഷൻ മാരത്തൺ മത്സരത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. പത്താം ക്ലാസിലെ വിദ്യാർഥികളായ ഐവിൻ ഷെറിൻ തയ്യിൽ, ഫെലിക്സ് ബോബൻ, ജോർജ്കുട്ടി ലോറൻസ് എന്നീ കുട്ടികൾ ചേർന്ന് സമർപ്പിച്ച പ്രോജക്ടാണ് ദേശീയതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്. റബർപാൽ സംഭരണവുമായി ബന്ധപ്പെട്ട നൂതനമായ കണ്ടെത്തലാണ് അവർ നടത്തിയത്. സ്കൂളിൽ പ്രവർത്തിക്കുന്ന എടിഎൽ ലാബിൽ പരിശീലനം നേടിയ വിദ്യാർഥികളായിരുന്നു മൂവരും. ജൂലൈ മാസം ഡൽഹിയിൽ നടക്കുന്ന ഇന്നവേഷൻ മാരത്തൺ പ്രദർശനത്തിൽ പങ്കെടുക്കുന്നതിന് കുട്ടികൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
കാർഷിക മേഖലയിൽ വലിയ ഉണർവ് നൽകുന്ന കണ്ടെത്തൽ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റിൽനിന്ന് 1.5 ലക്ഷം രൂപ സ്കൂളിന് അനുവദിച്ചിട്ടുണ്ട്.
ഓൾ ഇന്ത്യാ തലത്തിൽ ആകെ തെരഞ്ഞെടുക്കപ്പെട്ടത് 27 സ്കൂളുകളാണ്. കേരളത്തിൽ ആകെ നാലു സ്കൂളുകൾക്കു മാത്രമാണ് സെലക്ഷൻ ലഭിച്ചത്. ജില്ലയിൽ സെലക്ഷൻ ലഭിച്ച ഏക സ്കൂളാണ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ. ഓൾ ഇന്ത്യാ തലത്തിൽ 6.7 ലക്ഷം കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു.
സമൂഹത്തിന് ഉപകാരപ്രദമായ പുതിയ കണ്ടെത്തലുകൾ നടത്തുന്നതിന് സ്കൂൾ വിദ്യാർഥികൾക്കായി ഇന്ത്യാ ഗവൺമെന്റ് നടത്തിയ മത്സരമായിരുന്നു ഇന്നവേഷൻ മാരത്തൺ.
സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, പിടിഎ പ്രസിഡന്റ് ബിജു കല്ലെടുക്കനാനി, ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് എന്നിവർ കുട്ടികളെ അഭിനന്ദിച്ചു.