മൂകാംബികയിൽ മുങ്ങിമരിച്ച ജൂണിയർ ആർട്ടിസ്റ്റിന്റെ സംസ്കാരം ഇന്ന്
1548990
Thursday, May 8, 2025 7:34 AM IST
വൈക്കം: മൂകാംബികയിൽ പുഴയിൽ മുങ്ങി മരിച്ച സിനിമാ ജൂണിയർ ആർട്ടിസ്റ്റ് വൈക്കം പള്ളിപ്രത്തുശേരി പട്ടശേരി മൂശാറത്തറ ഫൽഗുനന്റെ മകൻ എം.എഫ്. കപിലി(30)ന്റെ മൃതദേഹം ഇന്നു പുലർച്ചെ നാട്ടിലെത്തിക്കും.
അടുത്തദിവസം ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന കാന്താര-2 എന്ന കന്നഡ സിനിമയിൽ അഭിനയിക്കാനാണ് കപിൽ സുഹൃത്തുക്കളുമായി മൂകാംബികയിലെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നാലോടെ സുഹൃത്തുക്കളുമൊത്ത് സൗപർണികയിലുള്ള പുഴയിൽ കുളിക്കുന്നതിനിടെ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു.
സുഹൃത്തുക്കളും മറ്റും ചേർന്ന് ഉടൻ മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂകാംബിക യാത്രയുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഗരുഡഗുഹയിലേക്ക് പോയതിന്റെയും പിന്നീട് സൗപർണികയിലെ നദിയിൽ കുളിക്കാനിറങ്ങിയതിന്റെയും ഫോട്ടോകൾ കപിൽ വാട്സ്ആപ്പ് സ്റ്റാറ്റസിട്ടിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ സിനിമാ ഡയലോഗുകൾ റീൽസുകളാക്കിയിരുന്ന കപിലിന് ഒട്ടേറെ ആരാധകരുണ്ടായിരുന്നു. ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും കപിൽ അഭിനയിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിനു ശേഷം ബുധനാഴ്ച വൈകുന്നേരം കർണാടകയിൽനിന്നു ബന്ധുക്കൾ മൃതദേഹവുമായി നാട്ടിലേക്ക് തിരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. മാതാവ്:രേണുക. സഹോദരി: രേഷ്മ, സഹോദരീഭർത്താവ്: മിഥുൻ.