കോട്ടയം-കുമരകം-എറണാകുളം : പുതിയ ഇടനാഴി
1548981
Thursday, May 8, 2025 7:34 AM IST
കോട്ടയം: ദേശീയ പാത 183നെയും 66നെയും ബന്ധിപ്പിച്ചുകൊണ്ട് കോട്ടയത്തുനിന്ന് ആരംഭിച്ച് കുമരകം, വെച്ചൂർ വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി നിർമിക്കുന്നത് സംബന്ധിച്ച് ഫ്രാൻസിസ് ജോർജ് എംപി പ്രാഥമിക പരിശോധന നടത്തി.
ഇത് സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ ദേശീയ പാത അഥോറിട്ടി അധികാരികൾ നടത്തുന്ന പരിശോധനയ്ക്ക് മുന്നോടിയായിട്ടാണ് എംപി സന്ദർശനം നടത്തിയത്. കോട്ടയം-കോടിമതയിൽനിന്ന് കുമരകം വരെ ബോട്ടിൽ സഞ്ചരിച്ചാണ് റോഡിന്റെ റൂട്ട് വിലയിരുത്തിയത്.
കോട്ടയം മുളങ്കുഴയിൽനിന്നാരംഭിച്ച് കുമരകം വഴി എറണാകുളത്തേക്ക് എത്രയും വേഗം എത്തിച്ചേരുന്ന വിധത്തിൽ റോഡ് നിർമിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എംപി പറഞ്ഞു.
ദേശീയ പാതാ അഥോറിറ്റിയംഗം വെങ്കിട്ടരമണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനെ തുടർന്ന് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതാ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എ.എസ്. സുര, അസിസ്റ്റന്റ് എൻജിനിയർ കെ.എം. അരവിന്ദ്, മുൻ മുൻസിപ്പൽ കൗൺസിലർ സനൽ കാണക്കാരി, അനിൽ മലരിക്കൽ എന്നിവർ എംപിയോടൊപ്പം ഉണ്ടായിരുന്നു.