പുഞ്ച നെല്ലിനു വില വൈകും; സര്‍ക്കാരിന്റെ ഉറപ്പില്‍ കാര്യമില്ല
1549034
Friday, May 9, 2025 12:08 AM IST
കോട്ടയം: നെല്ലിന് പണം കൊടുക്കാന്‍ വകയില്ലാത്തതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റം ചാരുന്നത് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനെന്ന് ആക്ഷേപം. ഇതോടകം സംഭരിച്ച പുഞ്ചനെല്ലിന്റെ പണം സമീപകാലത്തൊന്നും കര്‍ഷകര്‍ക്ക് കിട്ടില്ലെന്നുറപ്പാണ്. വസ്തുത ഇതായിരിക്കെയും തുക ഉടന്‍ വിതരണം ചെയ്യുമെന്നാണ് കൃഷിമന്ത്രി ആവര്‍ത്തിക്കുന്നത്.
കേരളത്തില്‍ ഇത്രയേറെ പിടിപ്പുകേടും നഷ്ടവും ദുരിതവുമുണ്ടായ കൊയ്ത്തുകാലം വേറെയുണ്ടായിട്ടില്ല. വിളവ് കുറവായിരുന്ന പുഞ്ചകൃഷിയില്നിന്ന് നയാ പൈസ ലാഭം കിട്ടിയ കര്‍ഷകരില്ല. ആകെ 600 കോടി രൂപയുടെ നെല്ലാണ് ഇതോടകം സംഭരിച്ചത്. കേന്ദ്രവിഹിതം 1100 കോടി രൂപ കിട്ടാനുണ്ടെന്നു സര്‍ക്കാര്‍ പറയുന്നു. കര്‍ഷകര്‍ക്കു നല്‍കാനുള്ള 600 കോടി സംസ്ഥാന സര്‍ക്കാരിന് മുടക്കാന്‍ താത്പര്യമില്ലാതെ കേന്ദ്രത്തെ പഴിച്ചതുകൊണ്ട് എന്തു കാര്യമെന്നാണ് കര്‍ഷകരുടെ ചോദ്യം.
പിആര്‍എസിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് നെല്ലിന്റെ പണം നല്‍കേണ്ട എസ്ബിഐ, കാനറ ബാങ്കുകളുമായുള്ള കരാര്‍ മാര്‍ച്ച് 31ന് അവസാനിച്ചതാണ്. കരാര്‍ സമയത്ത് പുതുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി. മാത്രവുമല്ല കരാര്‍ പുതുക്കാതെ വില നല്‍കില്ലെന്ന് ബാങ്കുകള്‍ നിലപാട് അറിയിക്കുകയും ചെയ്തിരിക്കുന്നു. സര്‍ക്കാരിന്റെ ബാങ്കായ കേരള ബാങ്കിനെ കണ്‍സോര്‍ഷ്യത്തില്‍ ചേര്‍ക്കാന്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുള്ളതല്ല.
എന്നാല്‍ കേരള ബാങ്കിന് 700 കോടി രൂപ ഇത്തരത്തില്‍ പഴയ ബാധ്യതയുള്ളതിനാല്‍ കേരള ബാങ്ക് ഇതിന് തയാറാവില്ല. എസ്ബിഐ കര്‍ഷകരില്‍നിന്ന് പിആര്‍എസ് വാങ്ങി വയ്ക്കുന്നതല്ലാതെ പണം നല്‍കുന്നില്ല. പിആര്‍എസ് ഈടാക്കി കര്‍ഷകര്‍ക്ക് ലോണായി അനുവദിക്കുന്ന പണത്തിന് 9.5 ശതമാനം പലിശ വേണമെന്നാണ് കാനറ ബാങ്കിന്റെ നിലപാട്.
നെല്ല് സംഭരണം അടുത്തയാഴ്ചയോടെ അവസാനിക്കും. വിളവ് കുറഞ്ഞതും കൊയ്ത്തുസമയത്ത് വേനല്‍മഴ ശക്തമായതും തിരിച്ചടിയായി. ഏക്കറില്‍നിന്ന് രണ്ട് ടണ്ണിന് മുകളില്‍ നെല്ല് ലഭിച്ചിരുന്ന പാടങ്ങളില്‍ ഒന്നര ടണ്ണിൽ താഴെയാണ് വിളവ്.
സംഭരിച്ചത് 39,000 ടണ്‍
കോട്ടയം: ഫെബ്രുവരി അവസാനം തുടങ്ങിയ പുഞ്ചക്കൊയ്ത്ത് അവസാനഘട്ടത്തിലെത്തുമ്പോള്‍ ഇതുവരെ സപ്ലൈകോ സംഭരിച്ചത് 39,000 ടണ്‍ നെല്ല്. ഇതില്‍ മുപ്പതിനായിരം ടണ്ണിനുളള പിആര്‍എസ് കര്‍ഷകര്‍ക്ക് നല്കി. ശേഷിക്കുന്നപിആര്എസ് രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കും.
ഏപ്രില്‍ പകുതിവരെ (15 ശതമാനം) സംഭരിച്ച നെല്ലിന് പണം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ശേഷിച്ച നെല്ലിന് നയാ പൈസ ലഭിച്ചിട്ടില്ല.