ശബരി എയര്‍പോര്‍ട്ട് ഓഫീസ് പൊന്‍കുന്നം സിവില്‍ സ്റ്റേഷനില്‍
1549041
Friday, May 9, 2025 12:09 AM IST
കോട്ടയം: എരുമേലിയില്‍ ശബരി വിമാനത്താവളം നിര്‍മാണത്തിന്റെ പ്രാഥമിക നടപടികള്‍ക്ക് പൊന്‍കുന്നം സിവില്‍ സ്റ്റേഷനില്‍ ഓഫീസ് തുടങ്ങും. എരുമേലിയിലും കാഞ്ഞിരപ്പള്ളിയിലും അനുയോജ്യമായ സൗകര്യം ലഭിക്കാത്ത സാഹചര്യത്തിലാണ് പൊന്‍കുന്നം സിവില്‍ സ്റ്റേഷന്റെ മൂന്നാം നിലയില്‍ ഓഫീസ് തുറക്കുന്നത്.
ഇവിടെനിന്നും വിഴിക്കത്തോട് വഴി എരുമേലിയിലേക്കും ചെറുവള്ളി വഴി പ്ലാച്ചേരിയിലേക്കും പോകാനുള്ള സൗകര്യം കണക്കിലെടുത്താണ് പൊന്‍കുന്നത്ത് റവന്യുവകുപ്പ് ഓഫീസ് തുറക്കുന്നത്. വിമാനത്താവളം നിര്‍മിക്കാന്‍ എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 245 ആധാരങ്ങളില്പ്പെട്ട 2570 ഏക്കര്‍ സ്ഥലമാണ് പൊന്നുംവില നല്കി ഏറ്റെടുക്കുന്നത്.
ഇതില്‍ 2263 ഏക്കര്‍ ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമാണ്. ഉടമസ്ഥത സംബന്ധിച്ച് ബിലീവേഴ്സ് ചര്‍ച്ചുമായി കേസ് നടക്കുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരത്തുക സര്‍ക്കാര്‍ കോടതിയില്‍ കെട്ടിവച്ചശേഷം ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കും.
ഓരോ ആധാരത്തിലും പറയുന്ന സ്ഥലം കൃത്യമായി അളന്നു തിട്ടപ്പെടുത്തി വേണം നഷ്ടപരിഹാരം നല്കാന്. ഇതിനായി 20 സര്‍വെയര്‍മാരുടെ സേവനം റവന്യൂവകുപ്പ് വിട്ടുകൊടുക്കും. ആവശ്യമെങ്കില്‍ സ്പെഷല്‍ തഹസില്‍ദാരെയും നിയമിക്കും.
ഈ നിയമനങ്ങള്ക്കുശേഷമായിരിക്കും സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച ഫൈനല്‍ നോട്ടിഫിക്കേഷന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുക.
സ്ഥലം അളന്നു തിരിച്ചതിനുശേഷം സ്ഥലം, മരങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ മതിപ്പുവില നിശ്ചയിക്കും. സ്ഥലത്തിന്റെ വില റവന്യൂവകുപ്പും മരങ്ങളുടേത് സോഷ്യല്‍ ഫോറസ്ട്രിയും കെട്ടിടങ്ങളുടേത് പൊതുമരാമത്ത് വകുപ്പുമാണ് നിശ്ചയിക്കുക.
അടിസ്ഥാന വിലയുടെ
മൂന്നിരട്ടിയോളം ലഭിക്കും
സ്ഥലം അളന്നതിനുശേഷം ഓരോ വ്യക്തിയെയും നേരില്‍ക്കണ്ടും അദാലത്ത് നടത്തിയും ആശങ്കകള്‍ പരിഹരിച്ചുമാണ് വില നിശ്ചയിക്കുക. അടിസ്ഥാന വിലയുടെ മൂന്നിരട്ടിയോളം പൊന്നുംവിലയായി ഉടമകള്‍ക്ക് ലഭിക്കുമെന്നാണ് സൂചന. ഡിസംബറിനു മുന്‍പ് സ്ഥലം ഏറ്റെടുത്ത് അടുത്ത വര്‍ഷം തുടക്കത്തില്‍ നിര്‍മാണം തുടങ്ങാനുമാണ് ആലോചന.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷനു വേണ്ടി സ്റ്റുപ്പ് എന്ന ഏജന്‍സിയാണ് നാലു കോടി രൂപ ചെലവില്‍ വിശദ പദ്ധതിരേഖ തയാറാക്കുന്നത്. മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി വിവരശേഖരണം പൂര്‍ത്തിയായി. കെഎസ്ഐഡിസി ഡിപിആര്‍ പരിശോധിച്ചശേഷം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറും. മന്ത്രാലയം അംഗീകരിക്കുന്നതോടെ എയര്‍പോര്‍ട്ട് പദ്ധതി നടത്തിപ്പിനു തുടക്കമാകും.
ചെലവ് 3450 കോടി രൂപ
എയര്‍പോര്‍ട്ട് നിര്‍മാണത്തിന് 3450 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മണിമല പഞ്ചായത്തിലെ പ്ലാച്ചേരിയില്‍ നിന്ന് എരുമേലി പഞ്ചായത്തിലെ കനകപ്പലം വരെ 45 മീറ്റര്‍ വീതിയും മൂന്നര കിലോമീറ്റര്‍ നീളവുമുള്ള റണ്‍വേയാണ് നിര്‍മിക്കുക. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ പ്ലാച്ചേരിയിലും കനകപ്പലത്തും ഓഫീസുകള്‍ നിര്‍മിച്ച് പ്രവര്‍ത്തനച്ചുമതല അവിടേക്ക് മാറ്റും.