അധികൃതരുടെ അനാസ്ഥ : കുറുപ്പന്തറ ബസ് സ്റ്റാന്‍ഡ് വീണ്ടും ഉപേക്ഷിക്കപ്പെട്ട നിലയില്‍
1549272
Friday, May 9, 2025 7:55 AM IST
കുറുപ്പന്തറ: അധികൃതരുടെ അനാസ്ഥ മൂലം കുറുപ്പന്തറ ബസ് സ്റ്റാന്‍ഡ് വീണ്ടും ഉപേക്ഷിക്കപ്പെട്ട നിലയില്‍. സ്റ്റാന്‍ഡില്‍ ബസുകള്‍ പ്രവേശിക്കാതായിട്ട് മൂന്നു മാസമായി. ലോറികള്‍ക്കും മറ്റ് സ്വകാര്യ വാഹനങ്ങള്‍ക്കുമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടായി സ്റ്റാന്‍ഡിനെ മാറ്റിയതായി യാത്രക്കാരും നാട്ടുകാരും ആക്ഷേപം ഉന്നയിക്കുന്നു.
ഏറ്റൂമാനൂര്-എറണാകുളം പ്രധാന പാതയിലാണ് സ്റ്റാന്‍ഡ് സ്ഥിതിചെയ്യുന്നത്. സ്റ്റാന്‍ഡിലേക്കുള്ള പ്രവേശനകവാടത്തിലെ ഓടയുടെ മുകളിലിട്ടിരിക്കുന്ന കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നതോടെയാണ് ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കാതായത്. പ്രതിഷേധത്തെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കോണ്‍ക്രീറ്റ് സ്ലാബ് മാറ്റി മെറ്റല്‍ സ്ലാബുകള്‍ സ്ഥാപിച്ചെങ്കിലും കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡിനുള്ളില്‍ കയറാന്‍ തയാറാകുന്നില്ല. ഇതിനെതിരേ നടപടി സ്വീകരിക്കേണ്ട മാഞ്ഞൂര്‍ പഞ്ചായത്തും പോലീസും മോട്ടോര്‍ വാഹന വകുപ്പും യാതൊരു നടപടിയും സ്വീകരിക്കുന്നി ല്ലെന്ന് ആരോപണവുമുണ്ട്.
ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ പുറത്ത് പ്രധാന റോഡില്‍ ബസുകൾ നിര്‍ത്തിയാണ് നിലവില്‍ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ ബസുകള്‍ സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. സ്റ്റാന്‍ഡിനു പുറത്ത് തോന്നുന്നിടത്ത് ബസുകള്‍ നിര്‍ത്തുന്നതിനാല്‍ വാഹനത്തില്‍ കയറിക്കൂടാനായി റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടേണ്ട സ്ഥിതിയാണ്. ഇത് അപകടം ക്ഷണിച്ചുവരുത്തുന്നു.
സ്റ്റാന്‍ഡിന്റെ ഉള്‍ഭാഗത്തെ ടാറിംഗ് തകര്‍ന്നു കുണ്ടും കുഴിയുമായി. പ്രവേശന കവാടവും പുറത്തേക്കിറങ്ങുന്ന ഭാഗവും പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. മെറ്റലും ടാറിംഗും ഇളകിയതോടെ വലിയ കുഴികളാണ് സ്റ്റാന്‍ഡില്‍ രൂപപ്പെട്ടിരിക്കുന്നത്. ബസുകള്‍ സ്റ്റാന്‍ഡില്‍ കയറ്റി യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കുന്നതിന് വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിച്ചില്ലെങ്കില്‍ സമരത്തിലേക്ക് പോകേണ്ടിവരുമെന്ന് നാട്ടുകാർ പറഞ്ഞു.