വിജ്ഞാനകേരളം നവകേരളത്തിന്റെ പുതുവഴികളിൽ സുപ്രധാനം: മന്ത്രി വി.എന്‍. വാസവന്
1549269
Friday, May 9, 2025 7:46 AM IST
കോട്ടയം: നവകേരളത്തിന്റെ പുതുവഴികളിലെ ഏറ്റവും സുപ്രധാനമായ കാര്യമായിരിക്കും വിജ്ഞാനകേരളമെന്ന് മന്ത്രി വി.എന്‍. വാസവന്. ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ വിജ്ഞാനകേരളം ജില്ലാ കൗണ്‍സില്‍ രൂപീകരണവും തുടര്‍പ്രവര്‍ത്തന രൂപരേഖയും സംബന്ധിച്ചു നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിജ്ഞാനകേരളം ജില്ലാ കൗണ്‍സിലും യോഗത്തില്‍ രൂപീകരിച്ചു. ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ അധ്യക്ഷര്‍, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, പിഎംയു പ്രതിനിധികള്‍, യുവജനക്ഷേമബോര്‍ഡ് പ്രതിനിധികള്‍, അസാപ്, കെയ്സ് എന്നിവയുടെ പ്രതിനിധികള്‍, പ്രഫഷണല്‍ കമ്യൂണിറ്റി മെന്റര്‍മാരുടെ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
തൊഴിലന്വേഷകരുടെ പട്ടിക ജില്ലയില്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്നു വിഷയാവതരണം നടത്തിയ വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവ് ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. നോളജ് എക്കണോമി മിഷനും കുടുംബശ്രീയും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്നാണ് വിജ്ഞാനകേരളം ജനകീയ കാമ്പയിന് നടപ്പാക്കുന്നത്. ചാണ്ടി ഉമ്മന്‍ എം.എല്‍.എ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗര്‍, ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ചങ്ങനാശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മുകേഷ് കെ. മണി, ബെറ്റി റോയി, റാണി ജോസ്, രാജു ജോണ്‍ ചിറ്റേത്ത്, എസ്.ബിജു,
ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, പി.ആര്. അനുപമ, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി അജയന് കെ. മേനോന്, തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, കെ. ഡിസ്ക് പ്രതിനിധി ജിന്റോ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.