തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ പാണ്ഡവീയ മഹാവിഷ്ണു സത്രം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
1548995
Thursday, May 8, 2025 7:51 AM IST
തൃക്കൊടിത്താനം: മഹാ ക്ഷേത്രത്തില്‍ അഞ്ചാമത് പാണ്ഡവീയ സത്രത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തി യാകുന്നു. ഇന്നുമുതല്‍ 17വരെ നരസിംഹ ജയന്തി ആഘോഷവും ദശാവതാരച്ചാര്‍ത്തും നടക്കും. 10 മുതല്‍ 17വരെ പാണ്ഡവീയ മഹാവിഷ്ണു സത്രം. 10ന് ഉച്ചകഴിഞ്ഞ് 3.30ന് പെരുന്ന തൃക്കണ്ണാപുരം ക്ഷേത്രത്തില്‍ പഞ്ച പാണ്ഡവ ക്ഷേത്രങ്ങളില്‍നിന്ന് അഞ്ചു രഥങ്ങളില്‍ വിഗ്രഹങ്ങള്‍ എത്തും.
അവിടെനിന്ന് വലിയ ഘോഷയാത്രയായി തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ എത്തും. തുടര്‍ന്ന് അഞ്ചു വിഗ്രഹങ്ങളുടെയും പ്രതിഷ്ഠ നടക്കും.
11ന് രാവിലെ ആറിന് മഹാ നരസിംഹ ഹോമം പടിഞ്ഞാറെ നടയില്‍ നടക്കും. എട്ടിന് മഹാ നാരായണീയം. 3000 അമ്മമാര്‍ പങ്കെടുക്കും. 10.30ന് കളഭാഭിഷേകം. വൈകുന്നേരം അഞ്ചിന് വലിയ കാഴ്ചശ്രീബലി. ഇരുകോല് പഞ്ചാരിമേളം.
12 മുതല്‍ കേരളത്തിലെ പ്രമുഖ പ്രഭാഷകര്‍ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പര. വൈകുന്നേരം എല്ലാ ദിവസവും ക്ഷേത്രകലകളും നടക്കും. എല്ലാ ദിവസവും എല്ലാനേരവും അന്നദാനവും നടക്കും. പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് ക്ഷേത്രത്തില്‍ നിര്‍മിച്ചിട്ടുള്ളത്. പുറത്ത് വാഹന പാര്‍ക്കിംഗിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശുദ്ധജല സംവിധാനം, ആരോഗ്യ പരിപാലനം, സുരക്ഷാ സംവിധാനം, ശുചിമുറി എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. സത്രത്തിനു വേണ്ടി റോഡുകളുടെ ശുചീകരണം, വൈദ്യുതി വിളക്കുകള്‍ എന്നിവ പഞ്ചായത്ത് മുഖേന നടപ്പാക്കി വരുന്നു.