മഴക്കാല രോഗപ്രതിരോധത്തിന് ഒരുക്കം
1547046
Thursday, May 1, 2025 12:15 AM IST
എരുമേലി: മഴക്കാലം അടുത്തിരിക്കെ പകർച്ചവ്യാധി രോഗങ്ങൾക്കുള്ള അനുകൂല സാഹചര്യം ഒഴിവാക്കുന്നതിന് പഞ്ചായത്ത് - സാമൂഹികാരോഗ്യകേന്ദ്ര മേൽനോട്ടത്തിൽ കർമപദ്ധതി തയാറായി. ഇതിനായി പഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികൾ ഹെൽത്ത് ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. തുടർന്ന് ആശുപത്രിയിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി. അഞ്ചിനകം എല്ലാ വാർഡിലും ശുചിത്വപരിപാലന കമ്മിറ്റി ചേർന്ന് വാർഡിലെ സ്ഥിതി വിലയിരുത്തൽ നടത്താൻ യോഗം തീരുമാനിച്ചു.
വാർഡ് അംഗം, ബ്ലോക്ക് ഡിവിഷൻ അംഗം, വാർഡിന്റെ ചുമതലയുള്ള ഹെൽത്ത് ഉദ്യോഗസ്ഥർ, ആശാ വർക്കർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രതിനിധികൾ, ഹരിതകർമസേന അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥിതി അവലോകനം നടത്തി പഞ്ചായത്തുതല സമിതിക്ക് റിപ്പോർട്ട് നൽകണം. എല്ലാ വാർഡിലും 15നകം കൊതുക് ഉറവിട നശീകരണം, കിണർ ക്ലോറിനേഷൻ എന്നിവ പൂർത്തിയാക്കാൻ യോഗത്തിൽ നിർദേശിച്ചിട്ടുണ്ട്.
ഓരോ വാർഡിലും 50 വീടുകൾക്ക് രണ്ട് ആരോഗ്യ പ്രവർത്തകർ ഇതിന് മേൽനോട്ടം വഹിക്കണം. റബർ എസ്റ്റേറ്റ് തോട്ടം ഉടമകളുടെ യോഗം 19ന് ചേരാൻ യോഗത്തിൽ തീരുമാനിച്ചു. തോട്ടങ്ങളിൽ കൊതുക് വളരുന്ന സാഹചര്യം ഇല്ലായെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഇതോടൊപ്പം സ്വീകരിക്കാനാണ് തീരുമാനം.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി, പഞ്ചായത്തംഗങ്ങളായ ലിസി സജി, നാസർ പനച്ചി, തങ്കമ്മ ജോർജ്കുട്ടി, സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജോർജ് കുര്യൻ, ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ, പഞ്ചായത്ത് സെക്രട്ടറി പി.എ. മണിയപ്പൻ, ഹെൽത്ത് ഇൻസ്പെക്ടർ നിഷ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുബിമോൾ, സജിത്, ആഷ്ന, ജിതിൻ എന്നിവർ പങ്കെടുത്തു.
ആശുപത്രിയിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടന്ന സുരക്ഷാ ബോധവത്കരണ പരിശീലന പരിപാടിയിൽ ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ നൗഫൽ ക്ലാസ് നയിച്ചു. ഹെൽത്ത് ജീവനക്കാർ, ആശാ പ്രവർത്തകർ തുടങ്ങിയവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.