മുഖ്യമന്ത്രിയുടെ മൗനം സർക്കാരിന്റെ ശോഭ കെടുത്തി: കത്തോലിക്ക കോൺഗ്രസ്
1547013
Wednesday, April 30, 2025 10:52 PM IST
ചെറുതോണി: തൊടുപുഴ തൊമ്മൻകുത്തിന് സമീപം നാരങ്ങാനത്തെ കൈവശ ഭൂമിയിലെ കുരിശു പൊളിച്ച സംഭവത്തിൽ മുഖ്യമന്ത്രി പുലർത്തിയ നിശബ്ദത സർക്കാരിന്റെ ശോഭ കെടുത്തിയെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ ആരോപിച്ചു.
മുമ്പ് പാപ്പാത്തി ചോലയിലെ കുരിശ് തകർത്തപ്പോൾ സർക്കാരുമായി കൂടിയാലോചിക്കാതെ തന്നിഷ്ടപ്രകാരം പ്രവർത്തിച്ച ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ച മുഖ്യമന്ത്രി ഇത്തവണ നാരങ്ങാനത്തെ കുരിശു തകർത്ത സംഭവത്തിൽ മൗനം പാലിച്ചത് പ്രതിഷേധാർഹമാണ്.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നെടുങ്കണ്ടത്ത് എത്തിയ മുഖ്യമന്ത്രിയെ നേരിൽകണ്ട് നാരങ്ങാനത്തെ കുരിശു പൊളിച്ച് സംഭവത്തിലും ക്രൈസ്തവ മതവിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട വലിയ ആഴ്ചയിലെ കുരിശിന്റെ വഴി തടഞ്ഞ സംഭവത്തിലും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നിവേദനം സമർപ്പിച്ചിരുന്നതാണ്.
കുരിശു പൊളിച്ച സ്ഥലം സന്ദർശിച്ച് യഥാർത്ഥ വസ്തുതകൾ മനസ്സിലാക്കുകയും പ്രദേശവാസികളുടെ അഭിപ്രായം ആരായുകയും ചെയ്ത പാർട്ടി ജില്ലാ സെക്രട്ടറി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിവേക രഹിതമായ പെരുമാറ്റത്തിനെതിരേ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഈ സംഭവത്തിലെ യഥാർത്ഥ വസ്തുതകൾ മനസ്സിലാക്കിയ അദ്ദേഹം മുഖ്യമന്ത്രിയെ വസ്തുതകൾ ധരിപ്പിച്ചിട്ടുണ്ടെന്നാണ് ജനങ്ങൾ കരുതുന്നത്. എന്നിട്ടും, ഏറെ കോളിളക്കം സൃഷ്ടിച്ച തൊമ്മൻകുത്തിലെ കുരിശു തകർക്കൽ സംഭവത്തിൽ വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രതികരിക്കാതെ മുഖ്യമന്ത്രി മടങ്ങിയത് ജനങ്ങൾക്കിടയിൽ സർക്കാരിനെക്കുറിച്ച് അപമതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
ഹൈറേഞ്ചിലെ ജനങ്ങൾ വലിയ ചൂഷണത്തിനും ഇരയായിക്കൊണ്ടിരിക്കുകയാണ്. ഭൂപതിവ് നിയമങ്ങളുടെ ചട്ടങ്ങൾ ഇനിയും രൂപീകരിച്ചിട്ടില്ല. ഭൂപതിവ് ചട്ടങ്ങൾ താമസംവിനാ നടപ്പിലാക്കണമെന്നും ജില്ലയിലെ പട്ടയപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ഭൂപ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നും നിവേദനത്തിലൂടെ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചതായും കോയിക്കൻ പറഞ്ഞു.