റവ. ഡോ. ഷാജി ജോണ്‍ അല്‍ഫോന്‍സാ കോളജില്‍നിന്ന് വിരമിക്കുന്നു
1546632
Wednesday, April 30, 2025 2:49 AM IST
പാലാ: ഇരുപത് വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍ പടിയിറങ്ങുന്നു. 2005ല്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായി സര്‍വീസില്‍ പ്രവേശിച്ചു. 2023ല്‍ അല്‍ഫോന്‍സാ കോളജിന്റെ പ്രിന്‍സിപ്പലായി നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വകാലം കോളജിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു.
ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും ദേശീയഅന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ സേവന കാലയളവില്‍ നിരവധി ദേശീയ സെമിനാറുകളുടെ സംഘാടനത്തിന് നേതൃത്വം നല്കി.നാക് അഞ്ചാം സൈക്കിളില്‍ എ പ്ലസ്ഗ്രേഡോടെ റി അക്രഡിറ്റേഷന് നേടാന്‍ കോളജിന് കഴിഞ്ഞു.
വജ്രജൂബിലി ചടങ്ങുകള്‍ വിപുലമായി സംഘടിപ്പിച്ചു. മള്‍ട്ടിമീഡിയ തിയേറ്റര്‍, കോളജ് കമാനം, വിഐപി ലോഞ്ച്, കോളജ് പ്രവേശന കവാടത്തിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രതിമ തുടങ്ങിയവയുടെ നിര്‍മാണവും ലൈബ്രറി നവീകരണവും ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ അദ്ദേഹത്തിന്റെ ഭരണകാലത്തെ പ്രധാന നേട്ടങ്ങളാണ്. കായിക മേഖലയിലെ മികവിന് കോളജിന് ലഭിച്ച ജി.വി.രാജ അവാര്‍ഡ്, കേരള ലീഡര്‍ഷിപ്പ് അവാര്‍ഡ്, ദീപിക ഉള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങള്‍ മികച്ച കലാലയത്തിന് നല്കുന്ന പുരസ്കാരങ്ങളും കോളജ് സ്വന്തമാക്കിയത് അദ്ദേഹത്തിന്റെ കാലത്താണ് .
മഹാത്മാഗാന്ധി സര്‍വകലാശാലയുടെ മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള മോസസ് അവാര്‍ഡ് ഈ വര്‍ഷം കോളജിന് ലഭിച്ചു. മികച്ച എന്‍എസ്എസ് സൗഹൃദ പ്രിന്‍സിപ്പല്‍, മികച്ച പ്രോഗ്രാം ഓഫീസര്‍, മികച്ച എന്‍എസ്എസ് വോളണ്ടിയര്‍ എന്നീ പുരസ്കാരങ്ങളും സ്ഥാപനത്തിന് സ്വന്തമായി. ഈ വര്‍ഷത്തെ എംജി സര്‍വകലാശാല അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കിരീടവും കോളജ് നേടിയെടുത്തു.
വിവിധ പദ്ധതികളിലൂടെ കേന്ദ്രസര്‍ക്കാരിന്റെ 2.86 കോടി രൂപയുടെ ധനസഹായം സ്വരൂപിക്കാന്‍ കോളജിന് സാധിച്ചു. കോളജ് എന്‍എസഎസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്നേഹവീട് പദ്ധതിയിലൂടെ മുപ്പത്തിയഞ്ച് ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി.
നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ആരംഭത്തോടെ പഠന സമയം പുനഃക്രമീകരിക്കുകയും പാര്‍ടൈം ജോലികള്‍ക്കും പിഎസ്സി, എസ്എസ്സി, ബാങ്ക് പരിശീലനം എന്നിവയ്ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. നവീകരിച്ച ലൈബ്രറിയും ഓപ്പണ്‍ ജിമ്മും കമ്മ്യൂണിറ്റി കോളജ് കോഴ്സുകളും പൊതുജനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാന്‍ തക്കവിധത്തില്‍ തുറന്നുകൊടുത്തു.
പ്രിന്സിപ്പലിനോടൊപ്പം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഹിന്ദി വിഭാഗം മേധാവി ഡോ. ജസ്റ്റി ഇമ്മാനുവല്‍, ലൈബ്രേറിയന്‍ ബിജിമോള്‍ ജോസഫ്, ഓഫീസ് സ്റ്റാഫ് ബോസ്കോച്ചന്‍ തോമസ് എന്നിവര്‍ക്ക് കോളജ് രക്ഷാധികാരി മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യാത്രയയപ്പ് നല്കി. കോളജ് മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സിസ്റ്റര്‍ റിയാ മാത്യു, ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത്, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.