ലഹരിക്കെതിരേ പാലാ രൂപത : രണ്ടാംഘട്ട ബോധവത്കരണ പരിപാടികള്‍ക്ക് പാലാ ബിഷപ്സ് ഹൗസില്‍ നാളെ തുടക്കം
1533581
Sunday, March 16, 2025 7:11 AM IST
പാലാ: മാരക ലഹരിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ പാലാ രൂപത രണ്ടാംഘട്ട ബോധവത്കരണ പരിപാടികള്‍ ആരംഭിക്കുന്നു. രൂപതാതിര്‍ത്തിക്കുള്ളില്‍ ആരും ലഹരിക്കടിമപ്പെടരുതെന്ന ലക്ഷ്യത്തോടെയാണ് രൂപതയിലെ ഊര്‍ജിത ലഹരിവിരുദ്ധ മുന്നേറ്റങ്ങളുടെ തുടര്‍ച്ച.
വാര് എഗന്‍സ്റ്റ് ഡ്രഗ്സ്, സേ നോ ടു ഡ്രഗ്സ് പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം പാലാ ബിഷപ്സ് ഹൗസില്‍ നാളെ രാവിലെ ഒന്പതിനു മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. തുടര്‍ന്ന് ആദ്യദിനം പാലാ മുനിസിപ്പല്‍ ഏരിയായില്‍ ഡോര്‍ ടു ഡോര്‍ പ്രചാരണ പരിപാടി നടക്കും. 26 വാര്‍ഡുകളിലൂടെയും പ്രചാരണ പരിപാടികള്‍ കടന്നുപോകും.
കഴിഞ്ഞ ദിവസം ളാലം പള്ളി ഓഡിറ്റോറിയത്തില്‍ ജനപ്രതിനിധികൾ, പിടിഎ പ്രസിഡന്റുമാര്‍, ഹെഡ്മാസ്റ്റര്മാര്, പ്രിന്‍സിപ്പല്‍മാര്‍ എന്നിവരുടെ സമ്മേളനത്തിലെ തീരുമാനവും തുടര്‍ന്നു പൊതുസമൂഹത്തില്‍നിന്നു ലഭിച്ച വ്യാപക പിന്തുണയുമാണ് ലഹരിക്കെതിരേ ഊര്‍ജിത നീക്കത്തിനു പ്രേരണയായത്.
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, രൂപത ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, സാബു ഏബ്രഹാം, ജോസ് കവിയില്‍, ആന്റണി മാത്യു തുടങ്ങിയവര്‍ പ്രസംഗിക്കും.
പൊതുജനാഭിപ്രായ സ്വരൂപണം, ജാഗ്രതാ സദസുകള്‍, ഡോര്‍ ടു ഡോര്‍ ബോധവത്കരണം, കോളനികള്‍, ടാക്സി-ഓട്ടോ-ബസ് സ്റ്റാൻഡുകള്‍ സന്ദര്‍ശനം എന്നിവ ഉള്‍പ്പെടെ വിപുലമായ ക്രമീകരണങ്ങളാണ് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ തയാറാക്കിയിട്ടുള്ളത്.
മൂന്നുമാസം നീണ്ടുനില്‍ക്കുന്ന വാര് എഗന്‍സ്റ്റ് ഡ്രഗ്സ്, സേ നോ ടു ഡ്രഗ്സ് പരിപാടി ലോക ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26നു നടക്കുന്ന സമ്മേളനത്തില്‍ കേരള ഗവര്‍ണറെ വിശിഷ്ടാതിഥിയായി പങ്കെടുപ്പിക്കുന്നവിധമാണ് ക്രമീകരിച്ചുവരുന്നത്.