കിടങ്ങൂർ പഞ്ചായത്ത് ഭരണം: ആരോപണം അടിസ്ഥാനരഹിതമെന്ന് കോണ്‍ഗ്രസ്
1533272
Sunday, March 16, 2025 2:26 AM IST
കിടങ്ങൂര്‍: പഞ്ചായത്തില്‍ യുഡിഎഫ്-ബിജെപി ഭരണം എന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയനേട്ടത്തിനായി എല്‍ഡിഎഫ് നടത്തുന്ന ബോധപൂര്‍വമായ പ്രചാരണം മാത്രമാണെന്നും കോണ്‍ഗ്രസ് കിടങ്ങൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇല്ല. നിലവിലുള്ള ഭരണസമിതിയില്‍ സിപിഎം-മൂന്ന്, കേരള കോണ്‍ഗ്രസ്-എം-നാല്, കേരള കോണ്‍ഗ്രസ്-മൂന്ന്, ബിജെപി-അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. 2020 ലെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, ബിജെപി, കേരള കോണ്‍ഗ്രസ് എന്നിവര്‍ പരസ്പരം മത്സരിച്ചപ്പോഴാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്. 2023ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി, കേരള കോണ്‍ഗ്രസുമായി സഹകരിച്ചാണ് ഭരണത്തിന് അവസരമുണ്ടാക്കിയത്. എല്‍ഡിഎഫ് പ്രസിഡന്റ് രാജിവച്ചതുകൊണ്ടാണിത്.
നിലവിലെ ഭരണസമിതി കേരള കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണ്. കേരള കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ട്ടി നേതൃത്വം പുറത്താക്കിയതായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. യാഥാര്‍ഥ്യം മറച്ചുവെച്ചുകൊണ്ടുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജോസ് കൊല്ലറാത്ത്, ഡിസിസി എക്സിക്യൂട്ടീവ് അംഗം വി.കെ. സുരേന്ദ്രന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണന്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ബോബി തോമസ്, സതീഷ് ശ്രീനിയം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.