തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം: ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കാത്തത് അംഗീകരിക്കാനാവില്ല: വനിതാ കമ്മീഷന്
1533247
Saturday, March 15, 2025 7:24 AM IST
ചങ്ങനാശേരി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തിനെതിരേ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ പലതും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വനിതാ കമ്മീഷന് അംഗങ്ങളായ ഇന്ദിര രവീന്ദ്രന്, എലിസബത്ത് മാമ്മന്‍ മത്തായി എന്നിവര്‍ പറഞ്ഞു. ചങ്ങനാശേരി നഗരസഭാ ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തിനുശേഷം പ്രസംഗിക്കുകയായിരുന്നു അവര്‍.
എട്ടുവര്‍ഷമായി പഠിപ്പിച്ചിരുന്ന സ്വകാര്യ കോളജിലെ അധികൃതര്‍ മുന്നറിയിപ്പു നല്‍കാതെ ജോലി കരാര്‍ അടിസ്ഥാനത്തിലാക്കിയതിനെതിരേ രണ്ട് അധ്യാപികമാര്‍ വനിതാ കമ്മിഷനെ സമീപിച്ചു. കോളജ് അധികൃതരോട് ഇതു സംബന്ധിച്ച് വനിതാ കമ്മീഷന് വിശദീകരണം തേടി.
മരിച്ചുപോയ ഭര്‍ത്താവിന്റെ പേരിലുള്ള സ്വത്തുക്കള്‍ വ്യാജരേഖ ചമച്ചു സഹോദരന്മാര് കൈവശപ്പെടുത്തിയെന്ന ഭാര്യയുടെയും മകളുടെയും പരാതിയില്‍ റവന്യൂ അധികൃതര്‍ സ്വീകരിച്ച നിലപാടിനെയും കമ്മീഷന് വിമര്‍ശിച്ചു.
അദാലത്തില്‍ ആകെ 70 പരാതികളാണ് പരിഗണനയ്ക്കു വന്നത്. ഇതില്‍ ഒന്‍പതെണ്ണം തീര്‍പ്പാക്കി. ഒരെണ്ണത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടു തേടി. പുതിയ പരാതികളൊന്നും പരിഗണനയ്ക്കു വന്നില്ല.
വനിതാ കമ്മീഷന് അംഗങ്ങളായ ഇന്ദിര രവീന്ദ്രന്, എലിസബത്ത് മാമ്മന്‍ മാത്യു, അഡ്വക്കേറ്റുമാരായ ഷൈനി ഗോപി, സി.കെ. സുരേന്ദ്രന്, കമ്മീഷന് സി.ഐ. ജോസ് കുര്യന് എന്നിവരാണ് കേസുകള്‍ പരിഗണിച്ചത്.