"ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്; ടോപ്പറായി ചങ്ങനാശേരി’ : എക്സൈസിന്റെ പ്രത്യേക പരിശോധന 19 വരെ
1533246
Saturday, March 15, 2025 7:24 AM IST
ചങ്ങനാശേരി: ഓപ്പറേഷന് ക്ലീന്‍ സ്ലേറ്റ് എന്ന പേരില്‍ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടികൂടിയത് ചങ്ങനാശേരിയില്‍നിന്ന്. ഇന്നലെ വരെയുള്ള കണക്കിലാണ് ചങ്ങനാശേരി ഒന്നാമതെത്തിയത്.
ഈ ഒന്നാം തീയതി മുതല്‍ ഇന്നലെ വരെ നടത്തിയ പരിശോധനയില്‍ ചെറുതും വലുതുമായ എട്ടു കേസുകളില്‍ ആറരക്കിലോ കഞ്ചാവാണ് ചങ്ങനാശേരി റേഞ്ചില്‍നിന്നു പിടികൂടിയത്. ഇതില്‍നിന്നും ചങ്ങനാശേരിയിലേക്കും പരിസര പഞ്ചായത്തുകളിലേക്കും വന്‍തോതില്‍ ലഹരി ഒഴുകുന്നതായുള്ള സൂചനകളാണ് എക്സൈസിനു ലഭിക്കുന്നത്.
കോട്ടയം ജില്ലയില്‍ ഇതുവരെ 101 കേസുകളിലായി 115 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലഹരി കടത്തിക്കൊണ്ടുവരുന്നവരും വിതരണക്കാരുമായവരാണ് എക്സൈസ് പിടിയിലായത്. ഒരു കിലോയ്ക്കു മുകളില്‍ കഞ്ചാവുമായി പിടികൂടിയ മൂന്നുപേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍വിട്ടു.
19 വരെ ഓപ്പറേഷന് ക്ലീൻ സ്ലേറ്റ് ഡ്രൈവ് തുടരും. ഡ്രൈവ് ആരംഭിച്ചതോടെ പല വമ്പന്‍ ലഹരി മാഫിയകളും രഹസ്യതാവളങ്ങളില്‍ ഒളിച്ചതായും സൂചനകളുണ്ട്.