അപൂർവ നേട്ടവുമായി എന്‍എസ്എസ് കോളജിലെ എൻസിസി കേഡറ്റ്
1532933
Friday, March 14, 2025 7:21 AM IST
ചങ്ങനാശേരി: മൗറിഷ്യസില്‍ നടക്കുന്ന യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് പെരുന്ന എന്‍എസ്എസ് ഹിന്ദു കോളജിലെ 15 കേരള ബെറ്റാലിയന് ആര്‍മി വിംഗ് കേഡറ്റ് സീനിയര്‍ അണ്ടര്‍ ഓഫീസര്‍ അഭിനവ് എസ്. നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറ് കേഡറ്റുകളില്‍ ഏക മലയാളിയാണ് അഭിനവ്.
മൗറിഷ്യസ് ദേശീയ ദിനത്തിലെ ഈ വര്‍ഷത്തെ മുഖ്യാഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. മൗറിഷ്യസ് ദേശീയ ദിനത്തില്‍ പങ്കെടുക്കാനും നരേന്ദ്ര മോദിയുമായി സംവദിക്കുന്നതിനും അഭിനവ് അടങ്ങുന്ന ഇന്ത്യന്‍ പ്രധിനിധി സംഘത്തിന് സാധിച്ചു.
ഡല്‍ഹിയില്‍ നടന്ന 2024 റിപ്പബ്ലിക്ദിന പരേഡില്‍ റാലിയുടെ ഭാഗമായിരുന്ന അഭിനവ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം നോമിനി കൂടിയായിരുന്നു. ഇടപ്പോണ്‍ വാളാക്കോട്ടേത്ത് മാധുര്യം വീട്ടില്‍ സുരേന്ദ്രന് പിള്ള, രഞ്ജിനി ദമ്പതിമാരുടെ മകനും മൂന്നാം വര്‍ഷ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ഥിയുമാണ് അഭിനവ്.
അഭിനവിന്റെ നേട്ടത്തില്‍ എന്‍എസ്എസ് കോളജ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഡോ. എസ്. സുജാത, പ്രിന്‍സിപ്പല്‍ ഡോ. ജി. ഗോപികൃഷ്ണന്, അഡിഷണല്‍ ഡയറക്ടറല്‍ ജനറല്‍ (കേരള & ലക്ഷദ്വീപ് ഡയറക്ടറേറ്റ് ) മേജര്‍ ജനറല്‍ രമേഷ് ഷണ്മുഖം, കോട്ടയം ഗ്രൂപ്പ് കമാന്റര്‍ ബ്രിഗേഡിയര്‍ അര്വിഎസ് റെഡി എന്നിവര്‍ അഭിനന്ദിച്ചു.