വൈക്കം-വെച്ചൂര്‍ റോഡ് വികസനം: പുനരധിവാസ പാക്കേജ് ഹിയറിംഗ് ആരംഭിച്ചു
1515391
Tuesday, February 18, 2025 4:49 AM IST
വൈക്കം: കിഫ്ബി ധനസഹായത്തോടെ വീതി കൂട്ടി ആധുനികരീതിയില്‍ നിര്‍മിക്കുന്ന വൈക്കം-വെച്ചൂര്‍ റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ടുള്ള ഹിയറിംഗ് നടപടികള്‍ ആരംഭിച്ചു. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വീടുകള്‍, കടകള്‍ എന്നിവ പൂര്‍ണമായും നഷ്ടപ്പെടുന്നവര്‍ക്കും ഇതുമൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കും നല്കുന്ന പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുന്നവരുടെ 103 ഗുണഭോക്താക്കളുടെ രേഖകളാണ് ഹിയറിംഗിൽ പരിശോധിക്കുന്നത്. ഇന്നലെ തലയാഴം പഞ്ചായത്ത് ഹാളില്‍ ആരംഭിച്ച ഹിയറിംഗ് ഇന്നും തുടരും. നാളെയും 20നും വെച്ചൂര്‍ പഞ്ചായത്ത് ഹാളിലാണ് ഹിയറിംഗ് നടപടികൾ.
ഡപ്യൂട്ടി കളക്ടര്‍ (എല്‍എ) ജിനു പുന്നൂസ്, കിഫ്ബി ഭൂമി ഏറ്റെടുക്കല്‍ സ്പെഷല്‍ തഹസില്‍ദാര്‍ രഹന യൂനുസ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരാണ് ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നത്. സി.കെ.ആശ എംഎല്‍എ ഇന്നലത്തെ ഹിയറിംഗ് നടപടികളില്‍ പങ്കെടുത്തു.
റോഡ് വികസനവുമായി ബന്ധപ്പെട്ട് തോട്ടകം മുതല്‍ കൈപ്പുഴമുട്ട് വരെയുള്ള 12.5 കിലോമീറ്റര്‍ റോഡ് 13 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്നതിന് 963 കൈവശക്കാരുടെ പക്കലുള്ള 6.13 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ജംഗമ വിലനിര്‍ണയമടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി എംഎല്‍എ അറിയിച്ചു.
ഭൂമി ഏറ്റെടുക്കുന്നതിനായി 85.77 കോടി രൂപയാണ് കിഫ്ബിയിൽ നിന്നും ലഭ്യമാകേണ്ടത് . റോഡ് വികസനത്തിന്റെ ഒന്നാംഘട്ട പദ്ധതിയില്‍പ്പെടുത്തി 4.02 കോടി രൂപ ചെലവഴിച്ചു നിര്‍മാണം പൂര്‍ത്തിയാക്കിയ അഞ്ചുമന പാലം കഴിഞ്ഞ മാസം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു.