ദീപനാളം സാഹിത്യശില്പശാലയും പ്രതിഭാസംഗമവും നാളെ
1513822
Thursday, February 13, 2025 11:51 PM IST
പാലാ: രൂപത പ്ലാറ്റിനം ജൂബിലിയും ദീപനാളം "പ്രതിഭ'യുടെ പത്താം വാര്‍ഷികവും പ്രമാണിച്ച് ദീപനാളത്തിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യശില്പശാലയും പ്രതിഭാസംഗമവും നാളെ പാലാ അല്‍ഫോന്‍സ കോളജില്‍ നടക്കും.
രാവിലെ 9.30ന് എഴുത്തുകാരനും നിരൂപകനുമായ ഡോ. കുര്യാസ് കുമ്പളക്കുഴി സാഹിത്യശില്പശാല ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിക്കും. കഥ, കവിത, ലേഖനം എന്നീ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചയും സംവാദവും തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന് നയിക്കും.
ഉച്ചകഴിഞ്ഞ് 2.30നു ചേരുന്ന പ്രതിഭാസംഗമം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ദീപനാളം ചീഫ് എഡിറ്റര്‍ ഫാ. കുര്യന് തടത്തില്‍ അധ്യക്ഷത വഹിക്കും. നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച വിദ്യാര്‍ഥിപ്രതിഭകളെ ചടങ്ങില്‍ പുരസ്കാരം നല്കി ആദരിക്കും.
ദീപനാളം സാഹിത്യരചനാമത്സരങ്ങളില് വിജയികളായവര്‍ക്കുള്ള കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും തദവസരത്തില്‍ നല്‍കും. മൂല്യാധിഷ്ഠിത രചനകളിലൂടെ സാഹിത്യരംഗത്തു നല്കിയ സമഗ്രസംഭാവനയ്ക്കുള്ള ദീപനാളം സാഹിത്യ അവാര്‍ഡ് വിനായക് നിര്‍മലിന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിക്കും. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.