യുവതി ജീവനൊടുക്കിയ സംഭവം: ഭർത്താവ് അറസ്റ്റിൽ
1377639
Monday, December 11, 2023 9:56 PM IST
മുക്കൂട്ടുതറ: പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു താഴെ പമ്പാനദിയിൽ ചാടി യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചാത്തൻതറ കരിങ്ങാമാവിൽ ടെസി (29) ജീവനൊടുക്കിയ സംഭവത്തിൽ ചാത്തൻതറ സ്വദേശിയായ ഭർത്താവ് കെ.എസ്. അരവിന്ദ് (36) ആണ് അറസ്റ്റിലായത്.
ഭർത്താവിൽനിന്നുള്ള ശാരീരിക, മാനസിക പീഡനം കാരണമാണ് ടെസി ജീവനൊടുക്കിയതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അറസ്റ്റ്. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അരവിന്ദിനെതിരേ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 30നാണ് ടെസി പമ്പാ നദിയിൽ ചാടിയത്. അന്ന് ഉച്ചയ്ക്ക് രണ്ടോടെ അരുവിയിലെത്തിയ ടെസി ആറ്റിൽ ചാടുകയായിരുന്നു. ചെരിപ്പ് ഊരിയിട്ട ശേഷം മൊബൈൽ ഫോൺ പാറപ്പുറത്തു വച്ചിട്ട് യുവതി ആറ്റിൽ ചാടിയതായി ദൃക്സാക്ഷികളാണ് അറിയിച്ചത്. അന്നും പിറ്റേന്നു രാവിലെയും അഗ്നിരക്ഷാസേനയും നാട്ടുകാരും തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഒടുവിൽ ഈരാറ്റുപേട്ട നന്മക്കൂട്ടം നടത്തിയ തെരച്ചിലിൽ പാതാളക്കരണ്ടിയിൽ ഉടക്കിയ മൃതദേഹം കരയ്ക്കെടുക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നു പോലീസ് അറിയിച്ചിരുന്നു. ഇവർക്ക് ഒമ്പത് വയസുള്ള മകളുണ്ട്. അരവിന്ദ് ഓട്ടോ ഡ്രൈവറാണ്.