വനവത്കരണം: ഇരുമ്പൂന്നിക്കരയില്‍ ആദിവാസി സമൂഹത്തെ സാരമായി ബാധിക്കും: കമ്മീഷന്
1377638
Monday, December 11, 2023 9:56 PM IST
എരുമേലി: വനം വകുപ്പിന്റെ റീബില്‍ഡ് പദ്ധതിയുടെ ഭാഗമായി ഇരുമ്പൂന്നിക്കരയില്‍ വനവത്കരണം നടപ്പാക്കിയാല്‍ മേഖലയില്‍ താമസിക്കുന്ന ആദിവാസി സമൂഹത്തെ സാരമായി ബാധിക്കുമെന്ന് എസ്സി, എസ്ടി ഗോത്ര വര്‍ഗ കമ്മീഷന് അംഗം സൗമ്യ സോമന് പറഞ്ഞു.
പദ്ധതിക്കെതിരേ ജനകീയ സമര സമിതിയും പട്ടിക വര്‍ഗ ഊരുകൂട്ടം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു സൗമ്യ.
പദ്ധതി നടപ്പാക്കുന്നതിന് വനംവകുപ്പ് നടപടികള്‍ പാലിച്ചില്ലെന്നും എംഎല്‍എയോ പഞ്ചായത്തോ നാട്ടുകാരോ അറിഞ്ഞിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. ജനങ്ങളുടെ പരാതി ഗൗരവമുള്ളതാണ്. വര്‍ഷങ്ങളായി താമസിക്കുന്നവരെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കില്ലെന്നും കമ്മീഷൻ അംഗം പറഞ്ഞു.
വനംവകുപ്പിന്റെ വനവത്കരണത്തിന്റെ ഭാഗമായി ആദിവാസികളല്ലാത്തവരുടെ ഭൂമിയാണ് വനംവകുപ്പ് ഏറ്റെടുക്കുന്നതെന്നും എന്നാല്‍ കാലക്രമത്തില്‍ വനഭൂമിയുടെ വിസ്തൃതി വര്‍ധിക്കുകയും ആദിവാസികളായ ജനങ്ങളും മറ്റുള്ളവരെപ്പോലെ കുടിയൊഴിയേണ്ടിവരുന്ന സാഹചര്യമാണെന്നും പരാതിയില്‍ പറയുന്നു.
രേഖകള്‍ എല്ലാം പരിശോധിക്കുമെന്നും മേഖലയിലെ ആദിവാസി ജനങ്ങള്‍ക്ക് ഒപ്പം കമ്മീഷനും നില്‍ക്കുമെന്നും സൗമ്യ പറഞ്ഞു.
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററേയും പട്ടിക വര്‍ഗ വികസന ഡയറക്ടറേയും കേസില്‍ കക്ഷിചേര്‍ത്ത് ഈ മാസം നടക്കുന്ന ഹിയറിംഗില്‍ വിശദീകരണം തേടുമെന്നും കമ്മീഷൻ അംഗം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. ജില്ലയിൽ എരുമേലി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ ഇരുമ്പൂന്നിക്കരയില്‍ മാത്രമാണ് വനംവകുപ്പ് പദ്ധതി നടപ്പാക്കുന്നത്.
സ്ഥലം സന്ദര്‍ശിച്ച ശേഷം കമ്മീഷൻ അംഗം പഞ്ചായത്തിലും എത്തി ചര്‍ച്ച നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, സമര സമിതി ചെയര്‍മാനും വാര്‍ഡംഗവുമായ പ്രകാശ് പള്ളിക്കൂടം, കണ്‍വീനര്‍ പി.ജെ. മുരളീധരന്, കമ്മറ്റിയംഗം ഹനീഫ, പട്ടിക വര്‍ഗ ഊരുകൂട്ടം സംസ്ഥാന പ്രസിഡന്റ് രാജന് അറക്കുളം എന്നിവരും പങ്കെടുത്തു.