ലഹരിവിരുദ്ധ വാഹന പ്രചാരണ ജാഥയും ബോധവത്കരണ ക്ലാസും
1377637
Monday, December 11, 2023 9:56 PM IST
കാഞ്ഞിരപ്പള്ളി: എക്സൈസ് വിമുക്തി മിഷനും ഹൊറൈസൺ മോട്ടോഴ്സും സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ വാഹന പ്രചാരണ ജാഥയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ ഉജ്ജ്വല വരവേൽപ്പ്. വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരേയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ജാഥ സംഘടിപ്പിച്ചത്.
കാഞ്ഞിരപ്പള്ളി എകെജെഎം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്ജെ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജിമോൻ ലഹരി വിരുദ്ധ സന്ദേശം നൽകി. കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോ. ഷാരോൺ എലിസബത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. വിമുക്തി കൗൺസിലറും സിവിൽ എക്സൈസ് ഓഫീസറുമായ ബെന്നി സെബാസ്റ്റ്യൻ ലഹരി വിരുദ്ധ സന്ദേശം നൽകി വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കോട്ടയം ജില്ലയിലെ മികച്ച സ്കൂളായ കാഞ്ഞിരപ്പള്ളി എകെജെഎം ഹയർസെക്കൻഡറി സ്കൂളിനുള്ള പുരസ്കാരം ഹൊറൈസൺ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ എബിൻ ഷാജി കണ്ണിക്കാട്ട് പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമലയ്ക്ക് സമർപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അനീറ്റ മാത്യു, ഹൊറൈസൻ മോട്ടോഴ്സ് കോട്ടയം ജനറൽ മാനേജർ സി.ജി. പ്രമോദ്, എജിഎം സുനോജ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.