ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകളിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്
1377635
Monday, December 11, 2023 9:56 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകളിലേക്ക് ഇന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ആവശ്യമായ ക്രമീകരണങ്ങളെല്ലാം പൂർത്തിയായി. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടു രേഖപ്പെടുത്താനുള്ള സമയം.
ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിന്നു ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു. പോളിംഗ് ഉദ്യോഗസ്ഥർ രാവിലെ തന്നെ സാമഗ്രികൾ കൈപ്പറ്റി ഉച്ചയോടെ പോളിംഗ് ബൂത്തുകളിലെത്തി. ഒരു പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഉദ്യോഗസ്ഥരും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ അഞ്ചു പേരെയാണ് ഒരു ബൂത്തിൽ നിയോഗിച്ചിട്ടുള്ളത്. ബൂത്തുകളിലേക്കു നിയോഗിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥരെ കൂടാതെ രണ്ട് പ്രിസൈഡിംഗ് ഓഫീസർമാരെയും രണ്ട് പോളിംഗ് ഉദ്യോഗസ്ഥരെയും റിസർവായി നിയമിച്ചിട്ടുണ്ട്.
ഇരുഡിവിഷനുകളിലും 16 പോളിംഗ് ബൂത്തുകൾ വീതമാണുള്ളത്. ഇവിടേക്കുള്ള 32 വോട്ടിംഗ് മെഷീനുകൾക്കു പുറമെ നാല് റിസർവ് മെഷീനുകളും കരുതിയിട്ടുണ്ട്. എൽഎസ്ജിഡി ജില്ലാ അസിസ്റ്റന്റ് ഡയറക്ടർ സി.ആർ. പ്രസാദ് വരണാധികാരിയും ബിഡിഒ എസ്. ഫൈസൽ ഉപവരണാധികാരിയുമാണ്. തെരഞ്ഞെടുപ്പിനു ശേഷം വോട്ടിംഗ് മെഷീനുകൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിച്ച് സ്ട്രോംഗ് റൂമിൽ സൂക്ഷിക്കും. നാളെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിലാണ് വോട്ടെണ്ണൽ.