മാതാക്കള്‍ ഭാഗ്യവതികള്‍: മാര്‍ ജോസ് പുളിക്കല്‍
1377634
Monday, December 11, 2023 9:56 PM IST
കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപത മാതൃവേദി വാര്‍ഷികം തൂവാനിസാ സംഗമം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. പരിശുദ്ധ അമ്മയെപ്പോലെ ജീവിതത്തിലെ പ്രതിസന്ധികളും സന്തോഷങ്ങളും ദൈവം അനുഗ്രഹമാക്കി മാറ്റുമെന്ന് വിശ്വസിക്കുവാനും ദൈവത്തില്‍ ആശ്രയിച്ച് മുന്നേറുവാനും ഓരോ അമ്മമാര്‍ക്കും കഴിയട്ടെയെന്ന് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
വനിതാസംരംഭകയായ നവ്യാ ബേക്കറി ഡയറക്ടര്‍ ജിജി ബിജുവിനെ വാര്‍ഷികത്തില്‍ ആദരിച്ചു. രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍, പ്രസിഡന്റ് മേരിക്കുട്ടി പൊടിമറ്റത്തില്‍, ആനിമേറ്റര്‍ സിസ്റ്റർ ജ്യോതി മരിയ സിഎസ്എന്‍, സലോമി മറ്റപ്പള്ളില്‍, ജിജി ബിജു എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന, കാഞ്ഞിരപ്പള്ളി, എരുമേലി, ഫൊറോനകളെ മികച്ച ഫൊറോനകളായി തെരഞ്ഞെടുത്തു. മേരികുളം, അഞ്ചലിപ്പ, വെച്ചൂച്ചിറ, കാരികുളം എന്നീ ഇടവകകളെ മികച്ച ഇടവകകളായും തെരഞ്ഞെടുത്ത് ആദരിക്കുകയും രൂപത കലോത്സവത്തില്‍ പ്രഥമസ്ഥാനം നേടിയവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു.
രൂപത കലോത്സവത്തില്‍ ആദ്യസ്ഥാനം കിട്ടിയ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. രൂപതയിലെ 148 ഇടവകകളില്‍നിന്നുമുള്ള പ്രതിനിധികള്‍ വാര്‍ഷികത്തില്‍ സംബന്ധിച്ചു.