അറുനൂറ്റിമംഗലം മേഖലയിൽ മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷം
1377629
Monday, December 11, 2023 2:57 AM IST
അറുനൂറ്റിമംഗലം: അറുനൂറ്റിമംഗലം, ഇന്ദിരാ ജംഗ്ഷന് മേഖലകളില്‍ മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷമായി. പറമ്പുകളില്‍നിന്നു വാഴക്കുല, തേങ്ങ തുടങ്ങിയവ മോഷണം പോകുന്നതും കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന മോട്ടോറുകള്‍ മോഷ്ടിക്കുന്നതും പതിവായി. മൂന്നുമാസത്തിനിടെ ഇത്തരത്തില്‍ നിരവധി മോഷണങ്ങളാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞദിവസം തച്ചേട്ട് ടോമിയുടെ ഔട്ട് ഹൗസില്‍ തൊഴുത്തിനോട് ചേര്‍ന്നുള്ള മുറിയില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള പുതിയ മോട്ടോര്‍ മോഷ്ടിച്ചതാണ് ഒടുവിലത്തെ സംഭവം. ഇവിടത്തെ പൈനാപ്പിൾ കൃഷിക്കും മറ്റും ജലസേചനം നടത്തുന്നതിന് ഉപയോഗിക്കുന്ന മോട്ടോറാണ് മോഷണം പോയത്. തൊഴുത്തിന്റെ മുകളിലൂടെയെത്തിയാണ് മോഷ്ടാവ് അടച്ചിട്ട മുറിക്കുള്ളില്‍ പ്രവേശിച്ചു മോട്ടോര്‍ കടത്തിയത്.
ഇവിടെത്തന്നെ ശനിയാഴ്ച വൈകുന്നേരം ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ പറമ്പില്‍നിന്നും വാഴക്കുല വെട്ടിയെടുത്ത് കൊണ്ടുപോയ സംഭവവും ഉണ്ടായി. പണിക്കാര് ഓടിയെത്തിപ്പോഴേയ്ക്കും മൂവരും ബൈക്കില്‍ കുലയുമായി കടന്നു. ഇന്ദിരാ ജംഗ്ഷനില്‍ വരീക്കല്‍ ജോയിയുടെ കിണറ്റിലിടുന്ന ടൈപ്പ് മോട്ടോറും നാളുകള്‍ക്ക് മുമ്പ് മോഷണം പോയിരുന്നു.
അറുനൂറ്റിമംഗലം തച്ചേട്ട് ബേബിയുടെ മോട്ടോറും മോഷണം പോയിരുന്നു. സമീപത്തെ പാടത്ത് കൃഷിയാവശ്യത്തിനായി ഉപയോഗിച്ചിരുന്ന മോട്ടോറാണ് മോഷണം പോയത്. പോലീസില്‍ പരാതികള്‍ നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാണെന്നു നാട്ടുകാര്‍ പറയുന്നു. മദ്യപാനവും ലഹരി ഉപയോഗവും ചീട്ടുകളിയും ഉള്‍പ്പെടെയായി പ്രദേശത്ത് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നത് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.