മന്ത്രിമാരറിയാൻ... നിർമാണം നിലച്ച പദ്ധതികൾ പൂർത്തിയാക്കണം
1377625
Monday, December 11, 2023 2:57 AM IST
വൈക്കം: വേമ്പനാട്ടുകായലും മൂവാറ്റുപുഴയാറും കരിയാറും ജലസമൃദ്ധമാക്കുന്ന വൈക്കത്ത് ഒറ്റപ്പെട്ട തുരുത്തായി കിടക്കുന്ന പ്രദേശങ്ങളിലുൾപ്പെടെ ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനായി നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
അതേസമയം, ജനങ്ങൾ നെഞ്ചിലേറ്റിയ, നാഴികക്കല്ലായിമാറുന്ന ചില പദ്ധതികളുടെ നിർമാണം സാങ്കേതികത്വത്തിൽ കുടുങ്ങി പാതിയിൽ നിലച്ചത് വൈക്കത്തിന്റെ വികസന മുന്നേറ്റത്തിന് തടസമാകുകയാണ്.
നേരേകടവ്-മാക്കേകടവ് കായൽ പാലം
വേമ്പനാട്ടുകായലിലെ നേരേകടവ്-മാക്കേക്കടവ് ഫെറിയിൽ 2016ലാണ് കായൽപാലത്തിന്റെ നിർമാണം ആരംഭിച്ചത്. ദ്രുതഗതിയിൽ നിർമാണം പുരോഗമിച്ച പാലം 18 മാസത്തിനകം പൂർത്തീകരിക്കണമെന്നായിരുന്നു കരാർ.
76 കോടി വിനിയോഗിച്ചുള്ള പദ്ധതി പകുതിയിലധികം പൂർത്തിയായപ്പോൾ സമീപ റോഡിന് സ്ഥലമേറ്റെടുക്കുന്നതുമായുള്ള തർക്കം മൂലം നിർമ്മാണം നിലയ്ക്കാനിടയാക്കി. ആറുവർഷത്തോളമായി മുടങ്ങിയ നിർമാണം പൂർത്തിയാക്കാൻ അതേ കരാറുകാരന് തുക വർധിപ്പിച്ച് നൽകിയെങ്കിലും നിർമാണം പുനരാരംഭിച്ചിട്ടില്ല. ഈ പാലം യാഥാർഥ്യമായാൽ കോട്ടയം, എറണാകുളം, ആലപ്പുഴ യാത്ര കിലോമീറ്ററുകൾ കുറയ്ക്കാനാകും.
വൈക്കം - വെച്ചൂർ റോഡ് വികസനം
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളുമായി ബന്ധപ്പെട്ടു നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വൈക്കം - വെച്ചൂർ റോഡിന്റെ വീതി കൂട്ടി പുനർനിർമിക്കുന്ന പദ്ധതി ജനം ഏറ്റവും പ്രതീക്ഷയോടെയാണ് കാണുന്നത്. പലയിടത്തും മൂന്നര മീറ്റർ വീതിയുള്ള റോഡ് 13 മീറ്റർ വീതിയിൽ പുനർ നിർമ്മിക്കാൻ 92 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തത്.
ഏറ്റെടുക്കുന്ന സ്ഥലം, പൊളിക്കേണ്ട കെട്ടിടങ്ങൾ, വെട്ടേണ്ട വൃക്ഷങ്ങൾ തുടങ്ങിയവ തിട്ടപ്പെടുത്തി നഷ്ടപരിഹാരം നിർണയിക്കാൻ നടപടികൾ നടക്കുന്നുണ്ടെങ്കിലും പ്രവർത്തനങ്ങൾ മെല്ലെപ്പോക്കിലാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
അഞ്ചുമന പാലം
വൈക്കം - വെച്ചൂർ റോഡിൽ അഞ്ചുമന തോടിനു കുറുകെ 331 ലക്ഷം രൂപ വിനിയോഗിച്ച് പാലം നിർമിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സമീപ റോഡ് നിർമിക്കാനായില്ല.
കാട്ടിക്കുന്ന് തുരുത്ത് പാലം
നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട കാട്ടിക്കുന്നുതുരുത്ത് നിവാസികളുടെ ചിരകാല അഭിലാഷമായ പാലം തീർന്നിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും കാട്ടിക്കുന്ന് തുരുത്ത് കടവിനോടു ചേർന്ന ഭാഗത്തെ സ്ഥലം വിട്ടു നൽകുന്നതിലെ തർക്കമാണ് നിർമാണം മുടക്കിയത്.
തോട്ടകം - വാക്കേത്തറ കല്ലുപുരയ്ക്കൽ - എത്തക്കുഴി റോഡ്
വൈക്കത്തെ തലയാഴം, കല്ലറ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് കടുത്തുരുത്തിയിലൂടെ കടന്നുപോകുന്ന റോഡിനായി വർഷങ്ങളായി പ്രദേശവാസികൾ സമരരംഗത്താണ്. ഏഴുവർഷം മുമ്പ് റോഡ് ആധുനിക രീതിയിൽ പുനർനിർമിക്കാൻ 20 കോടി കിഫ്ബിയിൽ ഉൾപ്പെടുത്തിയെങ്കിലും റോഡിന്റെ ചില ഭാഗങ്ങളിൽ പത്ത് മീറ്റർ വീതിയില്ലാത്തതു മൂലം പദ്ധതി നടപ്പാക്കാനായില്ല. ഉൾപ്രദേശത്തെ ഗതാഗത സൗകര്യം വർധിപ്പിക്കുന്ന റോഡ് വൈക്കത്തുനിന്നു കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള എളുപ്പമാർഗമാണ്.