സർവത്ര മാലിന്യം; എന്തു ചെയ്യണമെന്നറിയാതെ പഞ്ചായത്ത്
1377624
Monday, December 11, 2023 2:57 AM IST
അതിരമ്പുഴ: സമ്പൂർണ മാലിന്യ മുക്തമാകാൻ ഏറ്റുമാനൂർ നിയോജക മണ്ഡലമാകെ കിണഞ്ഞു ശ്രമിക്കുമ്പോഴും ലക്ഷ്യം മറന്ന് അതിരമ്പുഴ പഞ്ചായത്ത്. നിയോജക മണ്ഡലത്തിലാകെ ജലാശയങ്ങളും തോടുകളും ശുചീകരിച്ചപ്പോൾ അതിരമ്പുഴയിൽ അത് വഴിപാടായി.
പഞ്ചായത്തിലെ പ്രധാന തോടായ പെണ്ണാർ തോടും പെണ്ണാർ തോട്ടിലേക്ക് എത്തിച്ചേരുന്ന കാട്ടുതോടും മാത്തത്തോടും എംവിഐപി കനാലുമെല്ലാം മാലിന്യം നിറഞ്ഞുതന്നെ കിടക്കുന്നു. ഈ തോടുകളൊന്നും വൃത്തിയാക്കിയിട്ടില്ലെന്നു മാത്രമല്ല ഇവിടങ്ങളിലേക്കുള്ള മാലിന്യ നിക്ഷേപം തടയാനും നടപടികളില്ല. എന്തു മാലിന്യങ്ങളും തോടുകളിലേക്ക് തള്ളാമെന്നതാണ് അവസ്ഥ.
മാലിന്യം നിറഞ്ഞു രൂക്ഷ ദുർഗന്ധം വമിക്കുന്ന സ്ഥിതിയിലായിരുന്ന ചന്തക്കുളം ശക്തമായുയർന്ന പ്രതിഷേധങ്ങളെ തുടർന്ന് ഭാഗികമായി വൃത്തിയാക്കി. പക്ഷേ ചന്തക്കുളത്തിൽ നിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്ഥലത്തു നിന്ന് നീക്കം ചെയ്യാൻ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല.
ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ബോട്ട്ജെട്ടിയോടു ചേർന്ന് നിർമിച്ച ശില്പത്തിനു മുകളിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരാഴ്ചയായി അവിടെത്തന്നെ കൂടിക്കിടക്കുകയാണ്. പഞ്ചായത്ത് അധികൃതരുടെ ശുചീകരണ പ്രവർത്തനങ്ങളിലുള്ള ഗുരുതരമായ അനാസ്ഥയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.