ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട ലോറി റോഡരികിലെ കടയിലേക്കു പാഞ്ഞുകയറി
1377621
Monday, December 11, 2023 2:46 AM IST
ചിങ്ങവനം: ബൈക്കിലിടിച്ച് നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ കടയില്‍ ഇടിച്ചു. ഇന്നലെ രാവിലെ എട്ടിന് എംസി റോഡില്‍ നാട്ടകം സിമന്റ് കവലയിലാണ് അപകടം. കോട്ടയം ഭാഗത്തുനിന്ന് ചിങ്ങവനം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി സിമന്റ് കവലയില്‍ എത്തിയപ്പോള്‍ മുന്നില്‍ സഞ്ചരിച്ച കാര്‍ സിഗ്നല്‍ ഇല്ലാതെ പാറേച്ചാല്‍ ബൈപാസിലേക്ക് തിരിഞ്ഞതാണ് അപകട കാരണമായി പറയുന്നത്.
കാറില്‍ ഇടിക്കാതിരിക്കാനായി വെട്ടിച്ച ലോറി ബൈക്കില്‍ ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം തെറ്റി റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. മണിപ്പുഴ ലുലുമാളിന്റെ നിര്‍മാണത്തിനെത്തിയ എറണാകുളം സ്വദേശികളുടെ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. ചിങ്ങവനം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.