വികസിത് ഭാരത് സങ്കല്പ് യാത്ര ഇന്ന്
1377617
Monday, December 11, 2023 2:46 AM IST
കോട്ടയം: കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്പ് യാത്ര ഇന്ന് കങ്ങഴ, വാഴൂർ ഗ്രാമപഞ്ചായത്തുകളിൽ പര്യടനം നടത്തും. കങ്ങഴയിൽ രാവിലെ പത്തരയ്ക്കും വാഴൂരിൽ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കും യാത്ര എത്തിച്ചേരും.
കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ജനങ്ങളിലെത്തിക്കുകയാണ് പരിപാടിയുടെ മുഖ്യലക്ഷ്യം. വിവിധ കേന്ദ്ര പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിന് യാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര, സ്റ്റാൻഡ് അപ് ഇന്ത്യ മുതലായ സ്കീമുകളിൽ അർഹതയുള്ളവർക്ക് ക്യാമ്പിൽ വച്ചുതന്നെ തത്വത്തിൽ അംഗീകാരം നൽകും. യാത്രയ്ക്കായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പദ്ധതികൾ സംബന്ധിച്ച എല്ലാ വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
കാർഷിക മേഖലയിലെ നവീന സാങ്കേതിക വിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രോൺ പ്രദർശനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ജില്ലയിൽ മുത്തോലി ഗ്രാമപഞ്ചായത്തിൽനിന്ന് ആരംഭിച്ച വികസിത് ഭാരത് സങ്കല്പ് യാത്ര 71 ഗ്രാമപഞ്ചായത്തുകളിൽ സഞ്ചരിച്ച് ജനുവരി 16ന് പള്ളിക്കത്തോട് പഞ്ചായത്തിൽ സമാപിക്കും.