സൂപ്രണ്ടും ജീവനക്കാരും വിനോദയാത്രയിൽ വഴി വഴിയാധാരം
1377615
Monday, December 11, 2023 2:46 AM IST
കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയിലെ തകര്‍ന്ന വഴി നന്നാക്കാന്‍ ജില്ലാ പഞ്ചായത്ത് പണം അനുവദിച്ചിട്ട് ആഴ്ചകൾ പലതുകഴിഞ്ഞു. ഇനി വേണ്ടത് ജില്ല പഞ്ചായത്തിന് ആശുപത്രി സൂപ്രണ്ടിന്റെ റിക്വസ്റ്റാണ്. എന്നാൽ ഇതിനുള്ള കടലാസ് മാത്രം ഇതുവരെ അനങ്ങിയിട്ടില്ല. കാരണം സൂപ്രണ്ടും ലേ സെക്രട്ടറിയുമടക്കം ടൂറിലാണ്. പല വിഭാഗങ്ങളിലായാണ് സൂപ്രണ്ടും ജീവനക്കാരും ഓഫീസ് അനാഥമാക്കി വിനോദയാത്രയ്ക്കുപോയിരിക്കുന്നത്.
രണ്ട് വർഷത്തോളമായി തകർന്നുകിടക്കുന്ന റോഡ് പുനർനിർമിക്കാൻ അടുത്തിടെയാണ് 10 ലക്ഷം രൂപ ജില്ല പഞ്ചായത്ത് അനുവദിച്ചത്. പണികള്‍ 10 ദിവസത്തിനുള്ളില്‍ തുടങ്ങാനായിരുന്നു തീരുമാനം. എക്സിക്യുട്ടീവ് എന്‍ജിനിയറും കോണ്‍ട്രാക്ടറും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ടാറിംഗിനു പുറമെ കോണ്‍ക്രീറ്റിംഗും ഇന്റർലോക്ക് കട്ടയും ഉപയോഗിച്ച് പണികൾ നടത്താൻ പുതിയ എസ്റ്റിമേറ്റ് തയാറാക്കണം. ഇതുസംബന്ധിച്ച സൂപ്രണ്ടിന്റെ റിക്വസ്റ്റിന് കാത്തിരിക്കുകയാണ് ജില്ല പഞ്ചായത്ത്.
ആശുപത്രിയുടെ നേരെ പിന്നിലുള്ള ചൊല്ലിയൊഴുക്കം റോഡിലേക്ക് ഇറങ്ങുന്ന വഴിയാണ് തകര്‍ന്നുകിടക്കുന്നത്. കുത്തിറക്കമായതിനാല്‍ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര ക്ലേശകരമാണ്. ഈ റോഡിലാണ് മോര്‍ച്ചറിയും എന്‍എച്ച്എം ഓഫിസും ടിബി സെന്ററും ടിപിഎം ഓഫിസും പ്രവര്‍ത്തിക്കുന്നത്. ഇന്‍സിനറേറ്ററും ലോണ്ട്രിയും ഈ ഭാഗത്താണ്. ഗർഭിണിയടക്കം നിരവധി പേർ ഇവിടെ വീണ് പരിക്കേറ്റിരുന്നു. ഇതിനെത്തുടർന്നാണ് റോഡ് അടിയന്തരമായി നന്നാക്കാൻ തീരുമാനമായത്.