മുണ്ടക്കയം ബൈപ്പാസിലെ ഇരുൾ അകന്നു; വഴിവിളക്കുകൾ സ്ഥാപിച്ച് പഞ്ചായത്ത്
1377419
Sunday, December 10, 2023 10:56 PM IST
മുണ്ടക്കയം: ബൈപ്പാസിന്റെ നിർമാണം പൂർത്തിയായ ഘട്ടം മുതൽ ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു വഴിവിളക്ക് വേണമെന്നത്. രാത്രികാലങ്ങളിൽ വഴിവിളക്കിന്റെ അഭാവം മൂലം ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നതായി നേരത്തെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
കൂടാതെ വഴിവിളക്കുകളുടെ അഭാവ മൂലം രാത്രികാലങ്ങളിൽ വഴി പരിചയമില്ലാത്ത യാത്രകർ ഇതുവഴി സഞ്ചരിക്കാനും മടിച്ചിരുന്നു. പിന്നീട് മുണ്ടക്കയം പഞ്ചായത്തിന്റെ ശ്രമഫലമായി ബൈപ്പാസിലൂടെ വൈദ്യുതി പോസ്റ്റുകൾ ്സ്ഥാപിച്ച് വൈദ്യുത ലൈനുകൾ വലിച്ചെങ്കിലും വഴിവിളക്കുകൾ സ്ഥാപിക്കുവാൻ സാധിച്ചിരുന്നില്ല. വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനായി നിരവധി ഫണ്ടുകൾ അനുവദിച്ചെങ്കിലും സാങ്കേതിക തടസങ്ങൾ മൂലം ഇത് സാധിക്കാതെ വരികയായിരുന്നു. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫണ്ട് അനുവദിച്ച് മുണ്ടക്കയം കോസ്വേ പാലം മുതൽ ചാച്ചിക്കവല വരെയുള്ള ഭാഗത്താണ് ഇപ്പോൾ വഴിവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് വഴിവിളക്കുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, പഞ്ചായത്തംഗം സി.വി. അനിൽകുമാർ, പ്രസന്ന ഷിബു, ഷിജി ഷാജി എന്നിവർ പ്രസംഗിച്ചു.