പമ്പയിലെ തിരക്കിൽ നട്ടം തിരിഞ്ഞു എരുമേലി: മണിക്കൂറുകളോളം വാഹന നിര നിശ്ചലമായി
1377416
Sunday, December 10, 2023 10:56 PM IST
എരുമേലി: കഴിഞ്ഞ രണ്ട് ദിവസങ്ങളായി വർധിച്ച തീർഥാടക തിരക്കിൽ കുരുങ്ങുകയാണ് ശബരിമല പാതകൾ. ഇന്നലെ പൊതു ഒഴിവു ദിനമായ ഞായറാഴ്ചയും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. ഇന്നലെയും മണിക്കൂറുകളോളം വാഹന നിര നിശ്ചലമായി. പ്രാഥമിക കൃത്യങ്ങൾക്ക് സൗകര്യം ഇല്ലാതെ മണിക്കൂറുകളോളം റോഡിലും വാഹനങ്ങളിലുമായി വലയുന്ന അയ്യപ്പ ഭക്തർ കടുത്ത രോഷത്തോടെയാണ് പ്രതികരിക്കുന്നത്.
നാട്ടുകാരുടെ അവസ്ഥയും സമാനമാണ്. ആർക്കും കൃത്യസമയത്ത് ചെന്നെത്താൻ ഗതാഗത തിരക്ക് മൂലം സാധിക്കുന്നില്ല. സ്വകാര്യ ബസുകൾ വഴിയിൽ നിർത്തി യാത്രക്കാരെ ഇറക്കി വിട്ട് ട്രിപ്പ് അവസാനിപ്പിച്ചു മടങ്ങുമ്പോഴും സർവീസ് സമയം പാലിക്കാൻ കഴിയാതെ അടുത്ത ട്രിപ്പ് മുടങ്ങുകയാണ്.
മുക്കൂട്ടുതറ ഉൾപ്പടെ കിഴക്കൻ മേഖലയിലേക്കുള്ള സ്വകാര്യ ബസുകളിൽ ചിലത് എരുമേലിയ്ക്ക് മുമ്പ് കൊരട്ടിയിൽ ട്രിപ്പ് അവസാനിപ്പിക്കുകയാണ്. മണിക്കൂറുകളോളം വൈകിയാണ് കെഎസ്ആർടിസിയുടെ പമ്പ സ്പെഷൽ സർവീസുകൾ എത്തിച്ചേരുന്നത്.
തീർഥാടക വാഹനങ്ങളെല്ലാം റോഡിൽ മണിക്കൂറുകളോളം പോലീസ് തടഞ്ഞു നിർത്തിയിടുകയാണ്. ഇതിനിടെ നാട്ടുകാരുടെ വാഹനങ്ങളും കുരുങ്ങുന്നു. പമ്പ, നിലയ്ക്കലിലെ ഗതാഗത നിയന്ത്രണ ക്രമീകരണത്തിന്റെ നിർദേശം അനുസരിച്ചാണ് തടഞ്ഞിടുന്നത്. റോഡിന്റെ ഒരു വശത്തേക്ക് വാഹനങ്ങൾ തടഞ്ഞിടുമ്പോൾ മറുവശത്ത് പമ്പയിൽ നിന്ന് മടങ്ങി വരുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യം ഒരുക്കും.
ഇതിനിടെ ഇരു വശങ്ങളിലും ഗതാഗത കുരുക്ക് സൃഷ്ടിക്കുമെന്നതിനാൽ കെഎസ്ആർടിസി സർവീസുകൾ പമ്പയിലേക്ക് കടത്തി വിടാൻ ശ്രമിക്കുന്നത് ബുദ്ധിമുട്ട് ആണെന്ന് പോലീസ് പറയുന്നു. ഇക്കാരണത്താൽ നാട്ടുകാരുടെ വാഹനങ്ങളും കടത്തി വിടാൻ ബുദ്ധിമുട്ട് ഉണ്ടെന്നാണ് പോലീസ് നിലപാട്.
റോഡിൽ വിവിധ ഡ്യൂട്ടി പോയിന്റുകളിൽ ഏറെ പ്രയാസപ്പെടുകയാണ് പോലീസുകാർ. രണ്ടും മൂന്നും മണിക്കൂറുകൾ വാഹനങ്ങൾ തടഞ്ഞിട്ടശേഷം പമ്പയിൽ നിന്നുള്ള നിർദേശപ്രകാരം കടത്തി വിടുമ്പോൾ ഗതാഗതം കുരുക്കിലാകും. ഇത് മാറ്റാൻ ഏറെ പണിപ്പെടണം.
എരുമേലിയിൽ നിന്നു പ്രധാന ശബരിമല പാത ആരംഭിക്കുന്ന കരിങ്കല്ലുമുഴിയിലാണ് ആദ്യം വാഹനങ്ങൾ തടയുന്നത്. ഇവിടെ നിന്നു ശബരിമലയിലേക്ക് ദൂരം കുറവുള്ള മുക്കൂട്ടുതറ - കണമല റോഡിലേക്ക് തീർഥാടക വാഹനങ്ങൾ പ്രവേശിപ്പിക്കുന്നില്ല. കിലോമീറ്ററുകൾ താണ്ടി റാന്നി റൂട്ടിലൂടെ പോകാനാണ് പോലീസ് നിർദേശിക്കുന്നത്. ഇത ഭക്തരും പോലീസും ത്മിൽ വാക്കേറ്റം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം സ്കൂൾ വാഹനങ്ങളും സമയം വൈകിയാണ് വിദ്യാർഥികളുമായി ചെന്നെത്തിയത്.
എരുമേലി ടൗണിലുള്ള പാർക്കിംഗ് ഗ്രൗണ്ടുകൾ വാഹനങ്ങളെ കൊണ്ട് നിറയുകയാണ്. വരും ദിവസങ്ങളിൽ തിരക്ക് വർധിച്ചാൽ സമീപ പ്രദേശങ്ങളിലെ ഗ്രൗണ്ടുകളിൽ വാഹനങ്ങൾ പിടിച്ചിടേണ്ടി വരുമെന്ന് പോലീസ് പറയുന്നു. എരുമേലി ടൗണിൽ വാഹന തിരക്ക് മൂലം പേട്ടതുള്ളൽ പ്രയാസകരമായിരിക്കുകയാണ്.
പേട്ട തുള്ളാൻ പോകുന്ന സംഘങ്ങളും പേട്ട തുള്ളി വരുന്ന സംഘങ്ങളും റോഡിന്റെ ഒരു വശത്തും മറുവശത്ത് വൺവേ ആയി വാഹനങ്ങളും ഇതിനിടെ കാൽനടയാത്രക്കാരും നിറഞ്ഞ് വൻ തിരക്കിലാണ് പേട്ടതുള്ളൽ പാത.