എരുമേലി വിമാനത്താവളം: 307 ഏക്കർ വേണ്ട, പകുതി മതിയെന്ന് സർവേ
1377415
Sunday, December 10, 2023 10:36 PM IST
എരുമേലി: ശബരിമല വിമാനത്താവള നിർമാണ പദ്ധതിക്ക് എരുമേലിയിൽ ചെറുവള്ളി എസ്റ്റേറ്റ് കൂടാതെ സമീപത്തെ സ്വകാര്യ ഭൂമികളിൽ 160 ഏക്കർ മതിയെന്ന് കണ്ടെത്തൽ. മുമ്പ് 307 ഏക്കർ വേണമെന്നാണ് പ്രാഥമികമായി നിർണയിച്ചിരുന്നത്. എസ്റ്റേറ്റിന്റെയും സ്വകാര്യ ഭൂമികളുടെയും അതിർത്തി നിർണയം ഇപ്പോൾ അന്തിമ ഘട്ടത്തിലായതോടെയാണ് സ്വകാര്യ ഭൂമി 160 ഏക്കർ മതിയെന്ന് നിർണയിക്കപ്പെട്ടിരിക്കുന്നത്.
പകുതി ആശങ്ക മാറി
ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്നതിന്റെ ആശങ്കയിലായ ഒട്ടേറെ പേർക്ക് ആശ്വാസം പകരുകയാണ് ഈ കണ്ടെത്തൽ.
ഒപ്പം പദ്ധതിയുടെ നിർമാണ നടപടികളിലേക്ക് വൈകാതെ നീങ്ങാൻ കഴിയുമെന്നുള്ളത് വികസനമോഹികളിൽ പ്രതീക്ഷ വർധിപ്പിക്കുകയാണ്. ഓരുങ്കൽകടവ് ഭാഗത്ത് ചക്കാലപ്പറമ്പുമുതൽ തകടിയേൽപറമ്പുവരെ സിഗ്നൽ ലൈറ്റ് റൺവേക്കുവേണ്ടി മാർക്ക് ചെയ്തിട്ടുണ്ട്.
ഇനിയും കുറഞ്ഞേക്കാം
അതിർത്തി നിർണയ സർവേ പൂർണമായി പൂർത്തിയാകുമ്പോൾ ഒരുപക്ഷേ ഈ കണക്ക് വീണ്ടും കുറഞ്ഞേക്കാമെന്ന് സർവേ വിഭാഗം പറയുന്നു. സ്വകാര്യ വ്യക്തികളുടെ 307 ഏക്കർ ഏറ്റെടുക്കണമെന്നായിരുന്നു ആദ്യ വിജ്ഞാപനത്തിൽ അറിയിച്ചിരുന്നത്. അത് പഠനറിപ്പോർട്ട് പൂർത്തിയായതോടെ 200 ഏക്കറായി കുറഞ്ഞിരുന്നതാണ് ഇപ്പോൾ 160 മതിയെന്ന നിലയിൽ എത്തിയിരിക്കുന്നത്. നിർദിഷ്ട വിമാനത്താവളത്തിന്റെ കവാടങ്ങളായി പ്രാഥമികമായി നിശ്ചയിച്ചിരിക്കുന്ന മുക്കട ചാരുവേലി ഭാഗത്തെയും എരുമേലി ഓരുങ്കൽകടവ് ഭാഗത്തെയും മാർക്കിംഗ് നടപടികൾ പൂർത്തിയായിട്ടുണ്ട്.