നവകേരള സദസിന് ബദലായി കോട്ടയത്ത് നാളെ കേരള സംരക്ഷണ ജനകീയ സഭ
1377412
Sunday, December 10, 2023 10:36 PM IST
ചങ്ങനാശേരി: നവകേരള സദസിനു ബദലായി സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള സംരക്ഷണ ജനകീയ സഭ നാളെ രാവിലെ 10ന് കളക്ടറേറ്റിനു മുമ്പില്‍ നടത്തും. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നവകേരള സദസില്‍ പണമുള്ളവരുടെയും പൗരപ്രമുഖരുടെയും മാത്രം ആവശ്യങ്ങള്‍ കേള്‍ക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിലപാടിനെതിരേയാണ് സമരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ പറഞ്ഞു.
ചങ്ങനാശേരി, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂര്‍, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിലെ നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ ദുരിതബാധിതര്‍, ക്ഷേമ പെന്‍ഷന്‍കാര്‍, ഓട്ടോ-ടാക്സി ജീവനക്കാര്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍ തുടങ്ങിയവര്‍ സംവാദ സദസില്‍ പങ്കെടുക്കും.
എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, മാണി സി. കാപ്പന്, മുന്‍മന്ത്രി കെ.സി. ജോസഫ്, ബിജെപി ദേശീയ കൗണ്‍സില്‍അംഗം ജി. രാമന്നായര്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സമരസമിതി ജില്ലാ ചെയര്മാന് എം.പി. ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.
നവകേരള സദസ് ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ എത്തുന്ന 13നു മാടപ്പള്ളി വെങ്കോട്ടയിലെ സ്ഥിരം സമരപ്പന്തലില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിക്കും.