അന്തിമോപചാരമര്‍പ്പിക്കാൻ പ്രമുഖരുടെ നിര
1377411
Sunday, December 10, 2023 10:36 PM IST
കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തിമോപചാരമര്‍പ്പിക്കാന്‍ കോട്ടയത്ത് പാര്‍ട്ടി ഓഫീസിലും കാനത്തെ വസതിയിലും നിരവധി പേര് എത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംപിമാരായ എളമരം കരിം, ജോസ് കെ. മാണി, തോമസ് ചാഴികാടന്, ആന്റോ ആന്റണി, ആരിഫ് മുഹമ്മദ്, എംഎല്‍എമാരായ പി.ജെ. ജോസഫ്, വാഴൂര്‍ സോമന്, സി. കെ. ആശ, കെ.കെ. രമ, അനൂപ് ജേക്കബ്, കടന്നപ്പള്ളി രാമചന്ദ്രന്, പി. പി. ചിത്തരഞ്ജൻ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, പി. സി. വിഷ്ണുനാഥ്, മാണി സി. കാപ്പന്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തോമസ് കെ. തോമസ്, മുഹമ്മദ് മുഹ്സിന്, ഇ.കെ. വിജയന്, ദലീമ ജോജോ,എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ, ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്. നേതാക്കളായ ആനി രാജ, പി. വസന്തം, വൈക്കം വിശ്വന്, പന്ന്യന്‍ രവീന്ദ്രന്, എ. വിജയരാഘവന്, കെ. ഇ. ഇസ്മയില്‍, സി. എന്‍. ചന്ദ്രന്, ഗോവിന്ദന് പള്ളിക്കാപ്പില്‍, നാട്ടകം സുരേഷ്, വി. എസ്. സുനില്‍കുമാര്‍, എം. എ. ബേബി, പി. ജയരാജന്, പി. സി. ചാക്കോ, പി. സി. തോമസ്, സി .കെ. ശശിധരന്, ഇ. എസ്. ബിജിമോള്‍, ടി. ജെ. ആഞ്ചലോസ്, ഷാനിമോള്‍ ഉസ്മാന്, ജോയ്സ് ജോര്‍ജ്, പി. സി. ജോര്‍ജ്, കെ. പി. രാജേന്ദ്രന്, സംവിധായകന് വിനയന്, ബിനീഷ് കോടിയേരി, പി.യു. തോമസ്, എ.വി. റസല്‍, കെ. അനില്‍കുമാര്‍, ലോപ്പസ് മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു തുടങ്ങി ഒട്ടേറേ പ്രമുഖരാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
സര്‍വകക്ഷി അനുശോചനയോഗം ചേർന്നു
വാഴൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് വീട്ടുമുറ്റത്ത് സര്‍വകക്ഷി അനുശോചനയോഗം നടത്തി. കാനത്തിന്റെ വേര്‍പാട് സിപിഐയ്ക്ക് മാത്രമല്ല ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുതന്നെ തീരാനഷ്ടമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞു.
രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും നല്ല ബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കാനമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പറഞ്ഞു. യോഗത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.എ. ഷാജി അനുശോചന പ്രമേയം അവതരിപ്പിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്, ജെ. ചിഞ്ചുറാണി, എംപിമാരായ ബിനോയ് വിശ്വം, ആന്റോ ആന്റണി, ചീഫ് വിപ്പ് എന്‍. ജയരാജ്, സിപിഐ നേതാക്കളായ ആനി രാജ, പന്ന്യന്‍ രവീന്ദ്രന്, കെ.ഇ. ഇസ്മയില്‍, സംവിധായകന് വിനയന് തുടങ്ങിയവര്‍ പങ്കെടുത്തു.
കാനമില്ലാതെ ഇനി കൊച്ചുകളപ്പുരയ്ക്കല്‍ വീട്
വാഴൂര്‍: കാനത്തിന് ഏറ്റവും പ്രിയപ്പെട്ട ഇടം ഇളപ്പുങ്കല്‍ കാനം റോഡിലെ തന്റെ കൊച്ചുകളപ്പുരയ്ക്കല്‍ തറവാടുതന്നെയായിരുന്നു. കാനം രാജേന്ദ്രനെന്ന രാഷ്ട്രീയ നേതാവ് ഏറ്റവും അധികകാലം കഴിഞ്ഞതും ഇവിടെയായിരുന്നു. ജനിച്ചത് ഏന്തയാറ്റിലായിരുന്നെങ്കിലും 12-ാമത്തെ വയസിലാണ് അമ്മവീടായ കൊച്ചുകളപ്പുരയ്ക്കലിലെത്തിയത്.
തുടര്‍ന്ന് ബാല്യവും യൗവനവും രാഷ്ട്രീയ ജീവിതവുമെല്ലാം ആരംഭിച്ചതും ഇവിടെനിന്നുതന്നെ. വിദ്യാര്‍ഥിരാഷ്ട്രീയകാലം മുതല്‍ കാനത്തെ തേടി ആളുകള്‍ ഇവിടെയെത്തിയിരുന്നു. 1982-ല്‍ ജനപ്രതിനിധിയായതോടെ എംഎല്‍എയുടെ വീടായി. വീടിന് മുന്നിലൂടെയുള്ള റോഡ് എംഎല്‍എ റോഡെന്ന പേരിലും അറിയപ്പെട്ടുതുടങ്ങി.
2015-ല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയാകുന്നതുവരെ മിക്കവാറും ഇവിടെ എത്തുമായിരുന്നു. തിരുവനന്തപുരത്തേക്ക് താമസം മാറിയെങ്കിലും കോട്ടയം വഴി പോയാല്‍ കുടുംബ വീട്ടിലെത്തണമെന്ന് കാനത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. വീടിന്റെ പിന്നിലെ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് ഫലവൃക്ഷങ്ങള്‍ നട്ട് ഭക്ഷ്യവനം ഒരുക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു.
ചികിത്സ കഴിഞ്ഞാല്‍ നാട്ടിലെത്തി ഇതിനുള്ള തയാറെടുപ്പുകള്‍ നടത്തണമെന്ന് അദ്ദേഹം സഹായികളോട് പറഞ്ഞിരുന്നു.