കാനം ഇനി ഓര്‍മയില്‍...
1377410
Sunday, December 10, 2023 10:36 PM IST
കോട്ടയം: ഇടതുപക്ഷ രാഷ്ട്രീയത്തിന് എക്കാലവും കരുത്തുപകര്‍ന്ന നേതാവ്, കോട്ടയത്തിന്റെ പ്രിയപ്പെട്ട കാനം രാജേന്ദ്രന് ഇനി രാഷ്ട്രീയ കേരളത്തിലെ ജ്വലിക്കുന്ന ഓർമ. വാഴൂര്‍ കാനത്തെ വീട്ടുവളപ്പില്‍ പ്രിയനേതാവിന് അന്ത്യനിദ്ര. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനു ശേഷം കാനത്തുള്ള കൊച്ചുകാവില്പുരയിടം വീട്ടിലെത്തിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട രാജേട്ടനെ കാണാന്‍ നാട്ടുകാരും സൂഹൃത്തുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും വീട്ടില്‍ കാത്തു നിന്നു.
സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയും സിപിഐ മന്ത്രിമാരായ കെ. രാജന്, ജി.ആര്. അനില്‍, പി. പ്രസാദ്. ജെ. ചിഞ്ചുറാണി എന്നിവരും ഒട്ടേറെ നേതാക്കളും വിലാപയാത്രയില്‍ തുടക്കംമുതല്‍ അവസാനം വരെയുണ്ടായിരുന്നു. സിപിഐയുടെ എല്ലാ എംഎല്‍എമാരും മുന്‍എംഎല്‍എമാരും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നേരത്തെ എത്തിയിരുന്നു. അന്തിമോപചാരമര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് വസതിയിലെത്തിയത്.
നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും സാന്നിധ്യം മുന്‍നിർത്തി കാനത്ത് വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. ബാരിക്കേഡുകള്‍ തീര്‍ത്ത് ജനങ്ങളെ നിയന്ത്രിച്ചു. പാര്‍ക്കിംഗിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഡിവൈഎസ്പിമാരും സിഐമാരും ഉള്‍പ്പെടെ മൂന്നൂറിലേറെ പോലീസ് ഉദ്യോഗസ്ഥര്‍ കാനത്തുണ്ടായിരുന്നു. കെ.കെ. റോഡില്‍നിന്നും കാനത്തെ വീട്ടിലേക്കുള്ള വഴിയോരങ്ങളില്‍ പ്രിയനേതാവിന് അന്തിമോപചാരം അര്‍പ്പിച്ച് ഫ്ളക്സ് ബോര്‍ഡുകളും സിപിഐയുടെ പതാക താഴ്ത്തിക്കെട്ടി കറുത്ത കൊടിയും കെട്ടിയിരുന്നു.