കാനത്തിന്റെ ഹൃദയത്തില്‍ കനലായി
1377338
Sunday, December 10, 2023 4:09 AM IST
കോട്ടയം: സ്വന്തം ഗ്രാമത്തെ മേല്‍വിലാസമാക്കി കൂടെക്കൂട്ടിയ ജനനായകന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി.
ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട വിലാപയാത്ര രാത്രി ഏറെ വൈകിയാണ് ജില്ലാ അതിര്‍ത്തിയായ ചങ്ങനാശേരിയില്‍ എത്തിയതുതന്നെ. ഏറെ വൈകിയെങ്കിലും പ്രിയ നേതാവിനെ ഒരുനോക്ക് കാണാനും അഭിവാദ്യമര്‍പ്പിക്കാനും വിവിധ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും തൊഴിലാളികളും കാത്തുനിന്നു.
രാത്രി വൈകി ജില്ലാ അതിര്‍ത്തിയായ ചങ്ങനാശേരിയില്‍ എത്തിയ വിലാപയാത്രയെ സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരന് എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. ജില്ലയില്‍നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും വിലാപയാത്രയെ അനുഗമിച്ചു. കുറിച്ചി, ചിങ്ങവനം, നാട്ടകം എന്നിവിടങ്ങളില്‍ പ്രവര്‍ത്തകരും പൊതുജനങ്ങളും അടക്കം ആയിരക്കണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. തുടര്‍ന്ന് ചൊല്ലിയൊഴുക്കം റോഡിലുള്ള പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസായ പി.പി. ജോര്‍ജ് സ്മാരകത്തിലും പൊതുദര്‍ശനത്തിനുവച്ചു.
പിന്നീട് വാഴൂരില്‍ കാനത്തെ വസതിയിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചയോടെ വാഴൂരിലെ വീട്ടില്‍ മൃതദേഹം എത്തിച്ചപ്പോള്‍ നാട്ടുകാരും സുഹൃത്തുക്കളും വാഴൂരിലെയും സമീപ പ്രദേശങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്കു കാണാന്‍ കാത്തിരിന്നത്.
കാനം രാജേന്ദ്രന് ഇന്ന് ജന്മനാട്ടില് അന്ത്യനിദ്ര
കോട്ടയം: ഇടതുപക്ഷ രാഷ്ട്രീയത്തിന് എക്കാലവും കരുത്തു പകര്‍ന്ന മുന്‍നിര നേതാവ് കാനം രാജേന്ദ്രന് ഇന്ന് നാട് വിടചൊല്ലും. വാഴൂര്‍ കാനത്തെ വീട്ടുവളപ്പില്‍ രാവിലെ 11ന് സംസ്ഥാന ബഹുമതികളോടെയാണ് സംസ്കാരം.
ഇന്നലെ രാത്രി പത്തോടെ സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നശേഷം ഭൗതികശരീരം പുലര്‍ച്ചെ ഒന്നോടെ വാഴൂര്‍ കാനത്തുള്ള കൊച്ചുകാവില്പുരയിടം വീട്ടിലെത്തിച്ചു.
നവകേരള സദസിന് താത്കാലിക ഇടവേള നല്കി മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കും. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയും സിപിഐ മന്ത്രിമാരായ കെ. രാജന്, ജി.ആര്. അനില്‍, പി. പ്രസാദ്. ജെ. ചിഞ്ചുറാണി എന്നിവരും ഒട്ടേറെ നേതാക്കളും വിലാപയാത്രയില്‍ തുടക്കം മുതലുണ്ടായിരുന്നു. സിപിഐയുടെ എല്ലാ എംഎല്‍എമാരും മുന്‍എംഎല്‍എമാരും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും ഇന്നലെ രാവിലെ മുതല്‍ വിലാപയാത്രയെ അനുഗമിച്ചിരുന്നു.
രണ്ടു തവണ വാഴൂര്‍ എംഎല്‍എയും ഒന്നര പതിറ്റാണ്ട് വാഴൂര്‍ രാഷ്ട്രീയത്തിലെയും മരണം വരെ സംസ്ഥാന രാഷ്ട്രീയത്തിലെയും മുന്‍നിര നേതാവുമായിരുന്ന കാനത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ വന്‍ജനാവലി ഇന്നലെ വൈകുന്നേരം മുതല്‍ കോട്ടയം പാര്‍ട്ടി ഓഫീസിലും കാനത്തെ വസതിയിലും സന്നിഹിതരായിരുന്നു. കാനത്ത് വന്‍സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. ബാരിക്കേഡുകള്‍ തീര്‍ത്ത് ജനങ്ങളെ നിയന്ത്രിക്കാനും പാര്‍ക്കിംഗിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമുണ്ട്.
ജനങ്ങളുടെ തിരക്ക് വര്‍ധിച്ചാല്‍ സംസ്കാരച്ചടങ്ങുകള്‍ അല്പംകൂടി വൈകിക്കാനും സാധ്യതയുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഡിവൈഎസ്പിമാരും സിഐമാരും ഉള്‍പ്പെടെ മൂന്നൂറിലേറെ പോലീസ് ഉദ്യോഗസ്ഥര്‍ ക്രമസമാധാനപാലത്തിനുണ്ടാകും.
കറുകച്ചാല്‍, പുളിക്കല്‍കവല, പാമ്പാടി, മണിമല, നെടുംകുന്നം തുടങ്ങിയ സ്ഥലങ്ങളിലും പോലീസ് വിന്യാസമുണ്ടാകും.
ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിനു പിന്നാലെ കോട്ടയത്തിന് മറ്റൊരു നഷ്ടമായി കാനം രാജേന്ദ്രന്റെ വിയോഗം. ജില്ലയിലുടനീളം കാനം രാജേന്ദ്രന് അനുശോചനം അറിയിക്കുന്ന ഫ്ലക്സ് ബോര്‍ഡുകള്‍ നിരന്നു. നവകേരള സദസ് കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കുന്ന വേളയില്‍ കാനം വിടപറഞ്ഞത് ഇടതുപ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിത ആഘാതമായി.
അമ്മയ്ക്കരികിൽ അന്ത്യവിശ്രമം
വാഴൂർ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അച്ഛനും അമ്മയ്ക്കും അരികെ ചിതയൊരുക്കും. കാനത്തിലെ വീടിന്റെ തെക്കുവശത്തെ പുളിമരച്ചുവട്ടിലാണ് അച്ഛൻ വി.കെ. പരമേശ്വരൻ നായരെയും അമ്മയെ ടി.കെ. ചെല്ലമ്മയെയും സംസ്കരിച്ചിട്ടുള്ളത്.
ഇതിനോട് തൊട്ടടുത്ത സ്ഥലത്ത് തന്നെയാണ് കാനത്തിനെ സംസ്കരിക്കുന്നത്. ഇവിടെ പ്രത്യേകം പന്തലും തയാറാക്കിയിട്ടുണ്ട്.

മാവ് വിറക് ഉപയോഗിച്ചാണ് ചിത ഒരുക്കുന്നത്. മകൻ സന്ദീപ് കാനത്തിന്റെ ചിതക്ക് തീ കൊളുത്തും. തിരക്ക് കണക്കിലെടുത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ജില്ല പോലീസ് മേധാവി കെ. കാർത്തിക് സ്ഥലത്തെത്തി ക്രമീകരണങ്ങൾ വിലയിരുത്തി.
ഓർമകൾ ഒളിമങ്ങാതെ ഏന്തയാർ, ഒളയനാട് ഗാന്ധി മെമ്മോറിയൽ യുപി സ്കൂൾ
ഏന്തായാർ: സിപിഐ സംസ്ഥാന സെക്രട്ടറി അന്തരിച്ച കാനം രാജേന്ദ്രന്റെ ഓർമകൾ ഒളിമങ്ങാതെ നിൽക്കുകയാണ് ഏന്തയാർ, ഒളയനാട് ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ. ഗാന്ധിജി കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ പേരിൽ തുടങ്ങിയ ആദ്യ സ്കൂളായിരുന്നു ഒളയനാട് ഗാന്ധി മെമ്മോറിയൽ സ്കൂൾ. ഈ സ്കൂളിലെ ആദ്യകാല വിദ്യാർഥിയായിരുന്നു കാനം രാജേന്ദ്രൻ. ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളിലാണ് അദ്ദേഹം ഇവിടെ പഠിച്ചത്.

മർഫി സായിപ്പിന്റെ ജീവനക്കാരനായി കാനം രാജേന്ദ്രന്റെ പിതാവ് ഏന്തയാർ മാത്തുമലയിൽ എത്തിയ സമയത്തായിരുന്നു അദ്ദേഹം ഒളയനാട് ഗാന്ധി മെമ്മോറിയൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് അക്കാലത്തുണ്ടായ പ്രളയത്തിൽ കാനം രാജേന്ദ്രന്റെ വീടും പുരയിടവും നഷ്ടപ്പെടുകയും പിന്നീട് ഇവർ സ്വദേശമായ കാനത്തേക്ക് മടങ്ങിപ്പോവുകയായിരുന്നു.
എങ്കിലും തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ ഒളയനാട് സ്കൂളിനെ അദ്ദേഹം മാറുന്നില്ല.
സ്കൂൾ സംഘടിപ്പിച്ച നിരവധി പരിപാടികളിൽ അദ്ദേഹം സന്നിഹിതരായിരുന്നു. ഏറ്റവും ഒടുവിൽ സ്കൂളിന്റെ 60-ാം വാർഷികത്തിനും അദ്ദേഹം എത്തിയിരുന്നു.
കാലപ്പഴക്കത്താൽ സ്കൂൾ കെട്ടിടത്തിന് ശോചനീയാവസ്ഥയിൽ ആയപ്പോൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ വിഷയം കാനത്തിന്റെ ശ്രദ്ധപ്പെടുത്തി. തുടർന്ന് കെട്ടിടം നിർമിക്കാൻ ബിനോയ് വിശ്വം എംപി 50 ലക്ഷം രൂപ അനുവദിച്ചു.
ഈ തുക മുടക്കിയുള്ള കെട്ടിടത്തിന് നിർമാണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കൽ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിന് ശേഷം കെട്ടിടം ഉദ്ഘാടനം ചെയ്യാമെന്ന പ്രതീക്ഷയിൽ നിൽക്കുന്നതിന് ഇടയിലാണ് അപ്രത്യക്ഷമായി കാനം വിടവാങ്ങിയത്.