വിളംബര യാത്രയിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചാൽ കോടതിയലക്ഷ്യം: കോൺഗ്രസ്
1377332
Sunday, December 10, 2023 4:09 AM IST
ഏറ്റുമാനൂർ: നവകേരള സദസുമായി ബന്ധപ്പെട്ട് നാളെ ഏറ്റുമാനൂരിൽ നടക്കുന്ന വിളംബര ഘോഷയാത്രയിൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നത് കടുത്ത കോടതിയലക്ഷ്യം ആണെന്നും വിദ്യാർഥികളെ പങ്കെടുപ്പിച്ചാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതാക്കൾ.
കഴിഞ്ഞ 24ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ വിദ്യാഭ്യാസേതര പരിപാടികൾക്ക് വിദ്യാർഥികളെ പങ്കെടുപ്പിക്കരുതെന്ന കർശനമായ മുന്നറിയിപ്പ് സ്കൂൾ അധികാരികൾക്ക് നൽകിയിരുന്നു. ഇതിനു വിരുദ്ധമായി സംഘാടകസമിതിയിലെ ഉദ്യാഗസ്ഥർ നവകേരള സദസുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗങ്ങളിലും പിന്നീട് സ്കൂൾ അധികൃതരെ ഫോണിൽ വിളിച്ചും വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ കർശന നിർദേശം നൽകിയതോടെ വിളംബര ഘോഷയാത്രയ്ക്കു കുട്ടികളെ പങ്കെടുപ്പിക്കാൻ സ്കൂൾ അധികൃതർ നിർബന്ധിതരായിരിക്കുന്നു.
പരീക്ഷക്കാലത്ത് രക്ഷിതാക്കൾ ആശങ്കയിലാണ്. കുട്ടികളെ ഇതുപോലുള്ള പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിൽ രക്ഷിതാക്കൾക്കിടയിൽ വൻപ്രതിഷേധമുണ്ട്.
കോടതി ഉത്തരവിനു വിരുദ്ധമായി വിദ്യാർഥികളെ വിളംബര ഘോഷയാത്രയിൽ പങ്കെടുപ്പിച്ചാൽ അതിന്റെ ഉത്തരവാദികളായ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ അടക്കമുള്ള സ്കൂൾ അധികൃതർക്കെതിരേ കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി, ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ, ആർപ്പൂക്കര ബ്ലോക്ക് പ്രസിഡന്റ് സോബിൻ തെക്കേടം, ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് ടോമി പുളിമാംതുണ്ടം, നീണ്ടൂർ മണ്ഡലം പ്രസിഡന്റ് സിനു ജോൺ എന്നിവർ പറഞ്ഞു.