കാറപകടത്തിൽ മരിച്ച ശ്രീനാഥിനും ആരതിക്കും നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
1377331
Sunday, December 10, 2023 4:09 AM IST
കൂരോപ്പട : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കഴിഞ്ഞദിവസമുണ്ടായ കാറപകടത്തിൽ മരിച്ച ദമ്പതികളായ ശ്രീനാഥ് (36) ആരതി (25) എന്നിവർക്ക് കൂരോപ്പടയിലെ മൂങ്ങാക്കുഴി ഗ്രാമം കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. ഇന്നലെ പുലർച്ചെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചിരുന്നു. മക്കളുടെ ആകസ്മിക വേർപാടിൽ തകർന്ന ആരതിയുടെ മാതാപിതാക്കളായ സന്തോഷിനെയും സുജയെയും സഹോദരി ആര്യയെയും ശ്രീനാഥിന്റെ മാതാപിതാക്കളായ ശശിധരൻ നായരെയും ഓമനയെയും സഹോദരി സ്മിതയെയും ആശ്വസിപ്പിക്കുന്നതിന് നാട്ടുകാരും മറ്റു ബന്ധുക്കളും നന്നേ വിഷമിച്ചു.
അന്ത്യാഞ്ജലിയർപ്പിക്കുന്നതിന് നാടിന്റെ നാനാഭാഗത്തുനിന്നു നിരവധി പേർ എത്തി. ജനപ്രതിനിധികളായ ചാണ്ടി ഉമ്മൻ എംഎൽഎ, കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ജോർജ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിക്കുന്നതിന് എത്തിയിരുന്നു. ശ്രീനാഥിന്റെ സഹോദരി സ്മിതയുടെ മക്കളായ ആദിത്യ, അഭിനവ് എന്നിവരും ആരതിയുടെ സഹോദരി ആര്യയുടെ മക്കളായ ഹൃദിക്, ഉദിക് എന്നിവരുമാണ് കർമങ്ങൾ ചെയ്തത്.
ചെന്നൈയിൽ ജോലി ചെയ്യുന്ന ശ്രീനാഥ് വ്യാഴാഴ്ച രാത്രിയിലാണ് ആരതിയുമായി കൂരോപ്പടയിലെ വീട്ടിൽനിന്ന് ചെന്നൈയിലേക്കു പുറപ്പെട്ടത്. കഴിഞ്ഞ ഒക്ടോബർ 18ന് മാതൃമല ക്ഷേത്രത്തിൽ ആയിരുന്നു ഇവരുടെ വിവാഹം.