നാടിന്റെയും നാട്ടാരുടെയും പ്രശ്നങ്ങള്‍ക്കു പരിഹാരം വല്ലതും...?
1377330
Sunday, December 10, 2023 4:09 AM IST
കടുത്തുരുത്തി: മുഖ്യമന്ത്രിയും പരിവാരങ്ങളും പങ്കെടുക്കുന്ന നവകേരള സദസിനായി നിയോജകമണ്ഡലത്തില്‍ ഒരുക്കങ്ങള്‍ തകൃതിയാകുമ്പോള്‍ നാടിന്റെയും നാട്ടുകാരുടെയും പ്രശ്നങ്ങള്‍ക്കു പരിഹാരം വല്ലതും ഉണ്ടാകുമോയെന്നാണ് ജനങ്ങള്‍ക്കറിയേണ്ടത്. അറബിക്കടലിന്റെ തുറുമുഖപട്ടണമായിരുന്ന കടുത്തുരുത്തി പില്ക്കാലത്ത് കടല്‍ പിന്‍വാങ്ങി കര തെളിഞ്ഞപ്പോള്‍ കടലും തുരുത്തുകളുമായി അവശേഷിക്കുകയായിരുന്നുവെന്ന് ചരിത്രം പറയുന്നു. അങ്ങനെ കടല്‍തുരുത്ത് എന്ന പേരുണ്ടാവുകയും കാലന്തരത്തില്‍ അതു കടുത്തുരുത്തിയായി മാറുകയും ചെയ്തുവെന്നും ചരിത്രം പറയുന്നു.
തമിഴ്നാട്ടിലെ മധുര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടന്നിരുന്ന ഈ പ്രദേശത്തിന് വടമതിര (വടക്കുള്ള മതിര) എന്നായിരുന്നു പേരെന്നാണ് ഉണ്ണിനീലി സന്ദേശത്തില്‍ പറയുന്നത്. വികസനകാര്യത്തില്‍ മണ്ഡലം മുമ്പിലാണെങ്കിലും വികസന പാതയില്‍ ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്. നാടിന്റെ വികസനത്തിനായി പ്രഖ്യാപിച്ച പല പദ്ധതികളും വര്‍ഷങ്ങള്‍ കഴിയുമ്പോഴും പല കാരണങ്ങളാല്‍ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. ഇക്കാര്യങ്ങള്‍ക്കെല്ലാം നീക്കുപോക്കുണ്ടുകുമോയെന്നാണ് ഇനി അറിയേണ്ടത്.
കടുത്തുരുത്തി ബൈപാസ്
കോട്ടയം - എറണാകുളം സംസ്ഥാന പാതയ്ക്കു സമാന്തരമായി ആവിഷ്കരിച്ച കടുത്തുരുത്തി ടൗണ്‍ ബൈപാസ് റോഡ് നിര്‍മാണമാരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്. എന്നാലിത് ഇപ്പോഴും പൂർത്തീകരണത്തിലെത്തിയിട്ടില്ല. കടുത്തുരുത്തി ഐടിഐ ജംഗ്ഷന് മുതല്‍ ബ്ലോക്ക് ജംഗ്ഷന് വരെ 1.5 കിലോമീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണ് ബൈപാസ് നിര്‍മിക്കുന്നത്. 25.5 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക.

2009ല്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് തുടക്കം. ബൈപാസിനായി ഏറ്റെടുത്ത ഭൂമി 2013 നവംബര്‍ അഞ്ചിന് പൊതുമരാമത്ത് വകുപ്പിന് കൈമാറി നിര്‍മാണത്തിനും തുടക്കംകുറിച്ചു. രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫ്ളൈ ഓവറും വലിയതോടിനും ചുള്ളിത്തോടിനും കുറുകെയുള്ള പാലങ്ങളും റോഡിന്റെ അടിസ്ഥാന സൗകര്യവികസനവും നടപ്പാക്കിയിട്ടുണ്ട്. 8.60 കോടിയുടെ ഒന്നാംഘട്ടവും 7.22 കോടിയുടെ രണ്ടാംഘട്ട നിര്‍മാണവും പൂര്‍ത്തീകരിച്ചു. 9.68 കോടിയുടെ നിര്‍മാണ ജോലികളാണ് മൂന്നാംഘട്ടത്തിലൂടെ നടപ്പാക്കാനുള്ളത്.
വളവ് നിവർത്തൽ
ഏറ്റുമാനൂര്‍ - എറണാകുളം റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന കൊടുംവളവുകള്‍ നിവരുന്നതും പ്രതീക്ഷിച്ചുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും കാത്തിരിപ്പും പതിറ്റാണ്ടുകളായി തുടരുകയാണ്. വളവുകളിലുണ്ടാകുന്ന അപകടങ്ങളില്‍പ്പെട്ട് ജീവന് നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. മോന്‍സ് ജോസഫ് എംഎല്‍എ പൊതുമരാമത്തു മന്ത്രിയായിരുന്നപ്പോള്‍ പട്ടിത്താനം-കടുത്തുരുത്തി-തലയോലപ്പറമ്പ് റോഡിലെ വളവുകള്‍ നിവര്‍ത്തുന്നതിനായി പദ്ധതി തയാറാക്കി അനുമതി നല്‍കിയിരുന്നു. പട്ടിത്താനം മുതല്‍ തലയോലപ്പറമ്പ് വരെയുള്ള 42 അപകടവളവുകള്‍ നിവര്‍ത്തുന്നതിനായി അധികൃതര്‍ ആറു വില്ലേജുകളില്‍ സര്‍വേയും നടത്തി.
എന്നാലിതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. കൊടുംവളവുകള്‍ വാഹന യാത്രക്കാര്‍ക്കു പേടിസ്വപ്നമായി മാറിയിട്ട് കാലങ്ങളേറേയായിട്ടും ഇവ നിവര്‍ത്താനുള്ള നടപടികള്‍ കടലാസിലൊതുങ്ങുകയാണ്.
കുറവിലങ്ങാട് ശുദ്ധജലവിതരണ പദ്ധതി
കുറവിലങ്ങാട് പഞ്ചായത്തില്‍ കുടിവെള്ള വിതരണം എന്ന ലക്ഷ്യത്തില്‍ 23കോടി മുടക്കി നടപ്പാക്കുന്ന സന്പൂര്‍ണ ശുദ്ധജല വിതരണ പദ്ധതിയുടെ അവസ്ഥയും സമാനമാണ്. ഇതിനായി ഓലിക്കാമലയില്‍ ജലസംഭരണി നിര്‍മാണം ആരംഭിച്ചിരുന്നെങ്കിലും ഒന്നുമായിട്ടില്ല. ജല അഥോറിറ്റിയാണ് ടാങ്ക് നിര്‍മിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് നീങ്ങുന്നത്. വെള്ളൂര്‍ ഭാഗത്ത് മൂവാറ്റുപുഴയാറ്റില്നിന്നു വെള്ളം ശേഖരിച്ചു ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.
കുറവിലങ്ങാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളെ മൂന്ന് മേഖലകളായി തിരിച്ചു 92.98 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. 23 കോടി രൂപയുടെ പദ്ധതിക്കൊപ്പം ജൽജീവന്‍ മിഷന് പ്രവര്‍ത്തനങ്ങളും നടക്കുന്നു. തോട്ടുവായിലെ ജലസംഭരണിയില്‍ ശേഖരിക്കുന്ന ശുദ്ധജലം അവിടെനിന്ന് ഓലിക്കാമലയില്‍ സ്ഥാപിക്കുന്ന സംഭരണിയില്‍ വെള്ളമെത്തിക്കാന്‍ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കണം. മൂന്ന് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഭൂതലസംഭരണിയും 4.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണിയുമാണ് ഇവിടെ നിർമിക്കുന്നത്.
കുറുപ്പന്തറ, കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാലങ്ങൾ
കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പും നീളുകയാണ്. സ്ഥലം ഏറ്റെടുക്കലുള്‍പ്പെടെ പല കാരണങ്ങളാല്‍ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാന്‍ വൈകുകയാണ്. ആലപ്പുഴ - മധുര മിനി ഹൈവേയില്‍ വരുന്ന വാഹനത്തിരക്കേറിയ കുറുപ്പന്തറ - കല്ലറ റോഡില്‍ കുറുപ്പന്തറ റെയില്‍വേ ഗേറ്റിന് മുകളിലൂടെ മേല്‍പ്പാലം വേണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്.
2015 ലാണ് മേല്‍പ്പാലം നിര്‍മാണത്തിന് റെയില്‍വേ അംഗീകാരം നല്‍കിയത്. 2018 ലെ സംസ്ഥാന ബജറ്റിൽ പാലം നിര്‍മാണത്തിനു തുക അനുവദിച്ചു. കിഫ്ബി 30.65 കോടി രൂപയുടെ നിര്‍മാണ അനുമതിയാണ് കുറുപ്പന്തറ മേല്‍പാലത്തിനു നല്‍കിയിട്ടുള്ളത്. കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷനാണ് നിര്‍മാണച്ചുമതല.
കടുത്തുരുത്തി റെയില്‍വേ ഗേറ്റിലെ മേല്‍പ്പാലം നിര്‍മാണവും ഉത്തരമില്ലാതെ നീളുകയാണ്. മുട്ടുചിറ, കടുത്തുരുത്തി വില്ലേജുകളില്‍ ഉള്‍പ്പെട്ട 53.80 ആര് ഭൂമി കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനായി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി റവന്യൂ മന്ത്രി കെ. രാജന് കഴിഞ്ഞവര്‍ഷം നിയമസഭയെ അറിയിച്ചിരുന്നു. 2019 ഡിസംബര്‍ ആറിലെ ഉത്തരവനുസരിച്ചു സ്ഥലം ഏറ്റെടുക്കല്‍ സ്പെഷല്‍ തഹസീല്‍ദാര്‍, കോട്ടയം കിഫ്ബി ഓഫീസ് കാര്യാലയം നടപ്പാക്കുമെന്നും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് കഴിഞ്ഞ സെപ്റ്റംബര്‍ 28ന് പുതുക്കിയ പ്രൊപ്പോസല്‍ തയാറാക്കി നല്‍കിയതായും മന്ത്രി അറിയിച്ചിരുന്നു. തുടർന്ന് സംയുക്ത സ്ഥലപരിശോധന നടത്തുകയും ലാൻഡ് അക്വിസിഷന്‍ വിഭാഗം ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ചു അലൈമെന്റ് സ്കെച്ച് 2023 ഫെബ്രുവരി രണ്ടിന് റവന്യൂ വിഭാഗത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ പിന്നീടൊന്നും നടന്നിട്ടില്ല.
കടുത്തുരുത്തി വലിയപാലത്തോട് ചേര്‍ന്നു ബസ് ബേ നിര്‍മിക്കുന്നതിനു 4.24 കോടി രൂപയുടെ അനുമതി ലഭിച്ചു. കടുത്തുരുത്തി ടൗണില്‍ ബസ് സ്റ്റാന്‍ഡ് ഇല്ലാത്തതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനാണ് ഏതാനും വര്‍ഷം മുമ്പ് പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ മണ്ണ് പരിശോധന നടത്തിയതും സ്ഥലം ഏറ്റെടുക്കലിനായി യോഗം ചേര്ന്നതുമല്ലാതെ നിര്മാണപ്രവര്ത്തികളൊന്നും ആരംഭിക്കാനായില്ല.
ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി കുറുപ്പന്തറ കവലയില്‍ സ്ഥാപിച്ച സിഗ്നല്‍ലൈറ്റുകളുടെ പ്രവര്‍ത്തനം മുടങ്ങിയിട്ട് അഞ്ചുവര്ഷത്തിലേറേയായി. കോട്ടയം - എറണാകുളം റോഡും കുറവിലങ്ങാട് -കല്ലറ-ആലപ്പുഴ മിനി ഹൈവേയും സംഗമിക്കുന്ന ഇവിടെ വാഹനാപകടങ്ങള്‍ പതിവായപ്പോൾ 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. ഒരു പ്രയോജനവുമില്ലാതെ നോക്കുകുത്തികളായി ഇവ ജംഗ്ഷനിലിപ്പോഴുമുണ്ട്.
കടുത്തുരുത്തി മണ്ഡലത്തില്‍ 19 കോടി രൂപ മുടക്കി 20 ലധികം റോഡുകള്‍ നവീകരിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഫണ്ടില്ലാത്തതിന്റെ പേരില്‍ ഇവയൊന്നും നടപ്പാക്കാന്‍ കഴിയുന്നില്ല. നിരവധി റോഡുകളാണ് യാത്ര ചെയ്യാന്‍ പറ്റാത്തവിധം കുണ്ടുംകുഴിയുമായി തകര്‍ന്നുകിടക്കുന്നത്. വാട്ടര്‍ അഥോറിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂലം റോഡ് നന്നാക്കാനാവാത്ത അവസ്ഥയുമുണ്ട്.
മുണ്ടാർ പാലം
കടുത്തുരുത്തി മണ്ഡലമല്ലെങ്കിലും സമീപത്തെ കല്ലറ പഞ്ചായത്തില്‍പ്പെടുന്ന മുണ്ടാറില്‍ അടുത്തകാലത്തെങ്ങാനും പാലംപണി പൂര്ത്തിയാകുമോയെന്നതും പണ്ടുകാലം മുതല്‍ നാട്ടുകാര്‍ ചോദിക്കുന്ന കാര്യമാണ്. പാലം വേണമെന്ന നാട്ടുകാരുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യം യാഥാര്‍ഥ്യമാകാന്‍ ഇനിയും എത്രകാലമെടുക്കുമെന്നതിനും ഉത്തരമില്ല.

നിരവധിയായ ജനകീയസമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിൽ മുണ്ടാറിലേക്ക് എഴുമാംകായലിനു കുറുകെ പാലം നിര്‍മിക്കാന്‍ തൂണുകള്‍ സ്ഥാപിച്ചപ്പോഴാണ് പാലം പണി നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട് ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലഭിച്ചത്. ഇതോടെ മുണ്ടാറിലേക്കുള്ള പാലം പണി നിര്‍ത്തിവയ്ക്കേണ്ടി വന്നു. കഴിഞ്ഞപ്രളയത്തിനുശേഷം പാലങ്ങളുടെ നിര്‍മാണത്തിന് ഉള്‍നാടന്‍ ജലഗതാഗത വിഭാഗത്തിന്റെ അനുമതി കൂടി വേണമെന്ന നിബന്ധനയാണ് മുണ്ടാറിലെ പാലം പണി തടസപ്പെടാനിടയാക്കിയത്.
പാലത്തിന്റെ നടുക്കുള്ള രണ്ട് പില്ലറുകള്‍ തമ്മില്‍ 14 മീറ്റര്‍ അകലം ഉണ്ടാവണമെന്നാണ് ഉള്‍നാടന്‍ ജലഗതാഗത വിഭാഗത്തിന്റെ നിബന്ധന. പാലത്തിന്റെ നടുവിലെ രണ്ടുതൂണുകള്‍ തമ്മിലുള്ള അകലം പത്തു മീറ്റര്‍ മാത്രമായതാണ് ഉള്‍നാടന്‍ ജലഗതാഗത വിഭാഗം നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കാനിടയാക്കിയത്.