ചെത്തിപ്പുഴ ആശുപത്രിയിലെ ചികിത്സയില്‍ ജീവിതം തിരിച്ചുകിട്ടിയ ഡ്രൈവര്‍ രാംദാസ് നന്ദി പറയാനെത്തി
1377326
Sunday, December 10, 2023 3:46 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ചികിത്സയില്‍ ജീവിതം തിരിച്ചുകിട്ടിയ ലോറി ഡ്രൈവര്‍ തഞ്ചാവൂര്‍ സ്വദേശി ഷണ്മുഖം രാംദാസ് (32) നന്ദി പറയാന്‍ ആശുപത്രിയില്‍ എത്തി.
കങ്ങഴയില്‍ ലോറിയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ടു മരണം മുന്നിൽക്കണ്ട രാംദാസിനെ നാട്ടുകാരാണ് ലോറി പൊളിച്ച് സാഹസികമായി രക്ഷപ്പെടുത്തി ചെത്തിപ്പുഴ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്.
ആന്തരിക രക്തസ്രാവം മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ മുപ്പതു മിനിറ്റുള്ളില്‍ ഡോ. ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തില്‍ മേജര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വയറിനുള്ളിൽ കെ ട്ടിക്കിടന്ന മൂന്നു ലിറ്ററിലധികം രക്തവും കുടലിലെ ദ്രാവകവും നീക്കം ചെയ്തു. പ്ലീഹയിലും കരളിലുമുണ്ടായിരുന്ന ആഴമേറിയ ആന്തരിക മുറിവുകളും മഹാധമനിയില്‍നിന്ന് കുടലിലേക്കുള്ള രക്തക്കുഴലില്നിന്നുള്ള രക്തസ്രാവവും ആദ്യഘട്ടത്തില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു. പല കഷണങ്ങളായി ചതഞ്ഞരഞ്ഞ ഒന്നരമീറ്റര്‍ ചെറുകുടലും 40 സെന്റിമീറ്റര്‍ വന്‍കുടലും നീക്കം ചെയ്തു. ചെറുകുടല്‍ കൂട്ടിയോജിപ്പിച്ചു. വന്‍കുടല്‍ താത്കാലികമായി കൊളോസ്റ്റമി എന്ന പ്രക്രിയയിലൂടെ പുറത്തുവച്ചു. വെന്റിലേറ്ററിലായിരുന്ന രോഗി രണ്ടാഴ്ചയ്ക്കുള്ളില്‍ സുഖപ്പെട്ട് നാട്ടിലേക്ക് മടങ്ങി.
രണ്ടുമാസത്തിനു ശേഷം തമിഴ്നാട്ടില്‍നിന്ന് തിരിച്ചെത്തി വന്‍കുടല്‍ വയറ്റിനുള്ളിലാക്കുന്ന രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായി. പൂര്‍ണമായി സുഖം പ്രാപിച്ച രാംദാസ് തനിക്കു ജീവന് തിരിച്ചു നല്‍കിയവരെ കാണാന്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് വീണ്ടും ആശുപത്രിയിലെത്തിയത്. എല്ലാവര്ക്കും നന്ദിപറഞ്ഞാണ് രാംദാസ് മടങ്ങിയത്.
അപകടത്തില്‍പ്പെട്ടവരെ ഒരു മണിക്കൂര്‍ എന്ന ഗോള്‍ഡന്‍ അവറില്‍ത്തന്നെ വളരെ വേഗം ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ ജീവന് രക്ഷിക്കാന്‍ സാധ്യത വളരെ അധികമാണെന്ന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജനറല്‍ ആൻഡ് ലാപ്രോസ്കോപ്പിക് സര്‍ജറിയുടെ തലവനും ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. ജോര്‍ജ് മാത്യു അഭിപ്രായപ്പെട്ടു. ഡോ. സുനില്‍, ഡോ. ജെനി, ഡോ. കുക്കു ജോണ്‍, ലിനോ, ജെഫിന് എന്നിവര്‍ ചികിത്സകള്‍ക്ക് നേതൃത്വം നല്കി.
24 മണിക്കൂറും മേജര്‍ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനങ്ങളും ആധുനിക അത്യാഹിത വിഭാഗവും ചെത്തിപ്പുഴ ആശുപത്രിയില്‍ സജ്ജമാണെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു.