സ്നേഹവീടിനു നാളെ ശിലയിടും
1377160
Sunday, December 10, 2023 12:58 AM IST
പാലാ: കട്ടച്ചിറ മേരിമൗണ്ട് പബ്ലിക് സ്കൂളിന്റെ രജതജൂബിലി സ്മരണയില്‍ ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള 37ാം സ്നേഹവീടിന് നാളെ അകലക്കുന്നം പഞ്ചായത്തിലെ നെല്ലുക്കുന്ന് വാര്‍ഡില്‍ തുടക്കം കുറിക്കും.
ശിലാസ്ഥാപനം നാളെ രാവിലെ 9.15ന് മറ്റക്കര മഞ്ഞക്കാവ് ശ്രീരാമകൃഷ്ണ ആശ്രമ മഠാധിപതി സ്വാമി വിശുദ്ധാനന്ദ നിര്‍വഹിക്കും. യോഗത്തില്‍ മേരി മൗണ്ട് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. അകലക്കുന്നം പഞ്ചായത്തില്‍ സ്നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടു മൂന്നുമാസം പിന്നിടുകയാണ്.
മൂന്നുറോളം സുമനസുകള്‍ അകലക്കുന്നം പഞ്ചായത്തില്‍ സ്നേഹദീപം പദ്ധതിയില്‍ കണ്ണിയായിട്ടുണ്ട്. ഇവരിൽനിന്നുള്ള സംഭാവനകള്‍ സ്വീകരിച്ച് അടുത്ത ഒരു വര്‍ഷത്തിനുള്ളിൽ 12 വീടുകള്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് നിര്‍മിച്ചു നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് സ്നേഹദീപം പ്രസിഡന്റ് ഫിലിപ്പ് വെള്ളാപ്പള്ളില്‍, സെക്രട്ടറി ടോമിച്ചന് പിരിയംമാക്കല്‍, ട്രഷറര്‍ ബെന്നി കോട്ടേപ്പള്ളി എന്നിവര്‍ അറിയിച്ചു.