നാടിനെ മുൾമുനിയിലാഴ്ത്തി കുട്ടികളെ കാണാതാകൽ: തെരച്ചിലിനൊടുവിൽ രണ്ടു കുട്ടികളെയും കണ്ടെത്തി
1377150
Sunday, December 10, 2023 12:48 AM IST
മുണ്ടക്കയം: നാടിനെ മുൾമുനിയിലാഴ്ത്തി കുട്ടികളെ കാണാതാകൽ. മണിക്കൂറുകളുടെ തെരിച്ചിലിന് ഒടുവിൽ പെരുവന്താനത്തുനിന്ന് രണ്ടു കുട്ടികളെയും കണ്ടെത്തി.ഇന്നലെ രാവിലെ പതിനൊന്നോടുകൂടിയായി മുണ്ടക്കയം മൈത്രി നഗറിൽനിന്നു രണ്ട് കുട്ടികളെ കാണാതായത്.
മാതാപിതാക്കൾ ജോലിക്കുപോയ സമയം കുട്ടികൾ വീട്ടിൽ തനിച്ചായിരുന്നു. ഓട്ടോ ഡ്രൈവറായ പിതാവ് പിന്നീട് വീട്ടിൽ എത്തിയപ്പോൾ കുട്ടികൾ റോഡിൽ കളിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും വീട്ടിൽ കയറി വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷം പിതാവ് വീട്ടിലേക്ക് കയറിപോയി.
നേരം കുറെ കഴിഞ്ഞിട്ടും റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. ഉച്ചയായതോടുകൂടി നാട്ടുകാരുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. ഇതോടെ പോലീസിന്റെ നേതൃത്വത്തിൽ അറിയിപ്പും സോഷ്യൽ മീഡിയയിൽ പ്രചരണം കൂടിയായതോടെ നാടൊന്നാകെ കുട്ടികൾക്കായി തെരച്ചിൽ ആരംഭിച്ചു.
സമീപത്തെ വീടുകളും കടകളും സിസിടിവിയും കേന്ദ്രീകരിച്ചെല്ലാം അന്വേഷണം നടന്നെങ്കിലും ഒരു തുമ്പും കണ്ടെത്തിയില്ല. ഉച്ചകഴിഞ്ഞ മൂന്നോടെ പെരുവന്താനത്തിന് സമീപത്തുവച്ച് കുട്ടികളെ കണ്ടെത്തിയതായി പെരുവന്താനം പഞ്ചായത്ത് അംഗം പി.വൈ. നിസാർ അറിയിക്കുകയായിരുന്നു. തുടർന്ന് മുണ്ടക്കയം സിഐ എ. ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി കുട്ടികളെ തിരികെ വീട്ടിലെത്തിച്ചു.
കുട്ടികളുടെ കുടുംബം മുൻപ് പെരുവന്താനത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. പെരുവന്താനത്തിന് സമീപം താമസിക്കുന്ന റിട്ട. അധ്യാപിക ഷക്കീല ടീച്ചർ തന്റെ പുരയിടത്തിലൂടെ പരിചയമുള്ള രണ്ട് കുട്ടികൾ നടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ വാർഡ് മെംബർ നിസാറിനെ വിവരം അറിയിച്ചു. കുട്ടികളെ കാണാതായ വിവരം മുൻകൂട്ടി അറിഞ്ഞിരുന്ന നിസാർ സഹപ്രവർത്തകരെയും കൂട്ടി പ്രദേശത്തെ തെരച്ചിൽ ആരംഭിച്ചു.
ഈ സമയം ഇതുവഴി നടന്നുവരുന്ന കുട്ടികളെ കാണുകയും അനുനയിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ഭക്ഷണവും വെള്ളവും നൽകി വിവരം നാട്ടുകാരെയും പോലീസിനേയും അറിയിക്കുകയായിരുന്നു. കുമളിയിൽ ജോലിചെയ്യുന്ന തങ്ങളുടെ അമ്മയുടെ അടുത്തേക്ക് പോകുകയായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞതായി വാർഡ് മെംബർ പി.വൈ. നിസാർ പറഞ്ഞു. കുട്ടികള കണ്ടെത്തിയ വിവരം അറിഞ്ഞതോടെ നാട് ഒന്നാകെ ആഹ്ലാദ തിമിർപ്പിലായി.
കുട്ടികൾ ആറു കിലോമീറ്റർ ദൂരം സഞ്ചരിച്ചത് പ്രധാന പാതകൾ ഒഴിവാക്കിയാണെന്ന് പോലീസ് പറയുന്നു. സമീപത്തെ റബർത്തോട്ടത്തിലൂടെ സഞ്ചരിച്ച് 34-ാംമൈലിലുള്ള നെടുംതോടും കടന്നാണ് കുട്ടികൾ പെരുവന്താനത്തേക്ക് യാത്ര ചെയ്തത്. പല സ്ഥലത്തും ഒഴിവായത് വലിയ അപകടങ്ങളായിരുന്നു.
ഷക്കീല ടീച്ചർ തന്റെ പുരിയിടത്തിലൂടെ നടന്നു നീങ്ങുന്ന കുട്ടികളെ കണ്ടില്ലായിരുന്നുവെങ്കിൽ ഇവർ പെരുവന്താനവും പിന്നിട്ട് യാത്ര ചെയ്യുമായിരുന്നു. ദേശീയപാതയെങ്കിലും പെരുവന്താനത്തിന് മുകളിലേക്കുള്ള പ്രദേശം ആൾത്താമസം കുറവുള്ളതും വിജനവുമാണ്.
അന്യസംസ്ഥാനത്തുനിന്നടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ ഭാഗത്തുകൂടി കുട്ടികൾ തനിച്ചുള്ള യാത്ര വലിയ അപകടങ്ങൾക്ക് വഴി വച്ചേനെ. നാടിനെ ഏറെ നേരം മുൾമുനിലാഴ്ത്തിയെങ്കിലും കുട്ടികളെ തിരികെ കിട്ടിയതോടെ ആഹ്ലാദത്തിലാണ് മുണ്ടക്കയവും പെരുവന്താനവും.