പുതുവേലി - വൈക്കം റോഡിൽ നവീകരണം ആരംഭിച്ചു
1377063
Saturday, December 9, 2023 3:02 AM IST
കുറവിലങ്ങാട്: തലയോലപ്പറമ്പ് - കൂത്താട്ടുകുളം റോഡിൽ റീടാറിംഗ് നടത്താൻ കഴിയാതെയിരുന്ന പുതുവേലി - വൈക്കം കവല മുതൽ മുത്തോലപുരം ഭാഗത്തേക്കുള്ള റോഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള ടാറിംഗ് ജോലികൾക്ക് തുടക്കമിട്ടു.
മന്ത്രി മുഹമ്മദ് റിയാസിന് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മോൻസ് ജോസഫ് എംഎൽഎ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് 1.20 കോടിരൂപയുടെ വികസന പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചത്.
തലയോലപ്പറമ്പ് - കൂത്താട്ടുകുളം റോഡ് റീടാറിംഗ് നടത്തിയപ്പോൾ കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെടുന്ന പെരുവ - അവർമ വരെയുള്ള റീച്ചും പിറവം മണ്ഡലത്തിൽ ഉൾപ്പെടുന്ന മുത്തോലപുരം വരെയുള്ള റീച്ചും റീടാറിംഗ് നടത്തിയെങ്കിലും തുക തികയാതെ വന്നതിനെ തുടർന്ന് വൈക്കം കവല ഭാഗത്തേക്ക് വരുന്ന രണ്ടുകിലോമീറ്റർ ഭാഗം റീടാറിംഗ് നടത്താതെ ഒഴിവാക്കേണ്ടി വന്നത് ജനങ്ങൾക്ക് വളരെയേറെ കഷ്ടതയനുഭവിക്കേണ്ടിവന്നു.
ദുരിതപൂർണമായ ഈ സാഹചര്യങ്ങൾക്ക് ശാശ്വത പരിഹാരമാണ് പുതിയ ടാറിംഗിലൂടെ ലഭിച്ചിരിക്കുന്നത്. പിഡബ്ല്യുഡി റോഡ്സ് വിഭാഗം കടുത്തുരുത്തി സബ് ഡിവിഷന്റെ കീഴിലാണ് ഈ റോഡ് നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.