മുക്കുപണ്ടം നല്കി പണംതട്ടാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
1377054
Saturday, December 9, 2023 2:53 AM IST
കോട്ടയം: മുക്കുപണ്ടം പണയംവച്ചു പണംതട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട എസ്എന്‍ പുരം ഭാഗത്ത് താമസിക്കുന്ന ചങ്ങനാശേരി അക്ഷരനഗര്‍ പടിഞ്ഞാറേ പുത്തന്‍പുരയ്ക്കല്‍ ഡി. ദില്‍ജിത്തിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ ഇന്നലെ വൈകുന്നേരം വേളൂര്‍ മാണിക്കുന്നം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി സ്വര്‍ണമാണെന്ന വ്യാജേനെ മുക്കുപണ്ടം പണയംവച്ച് പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. എട്ടു ഗ്രാം തൂക്കമുള്ള സ്വര്‍ണം പൂശിയ കമ്പിവള നല്‍കിയാണ് 31,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
സംശയം തോന്നിയ സ്ഥാപന ഉടമ പോലീസില്‍ വിവരം അറിയിക്കുകയും കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദില്‍ജിത്തിന് കോട്ടയം ഈസ്റ്റ്, ചങ്ങനാശേരി, തൃക്കൊടിത്താനം,ആലപ്പുഴ, മുഹമ്മ, കിഴ്വായ്പൂര് എന്നീ സ്റ്റേഷനുകളില്‍ സമാനമായ നിരവധി ക്രിമിനല്‍ കേസുകളുണ്ട്.