യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: അഞ്ചു പേര് അറസ്റ്റില്‍
1377051
Saturday, December 9, 2023 2:53 AM IST
മണര്‍കാട്: വീടുകയറി യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മണര്‍കാട് കിഴക്കേതില്‍ പ്രവീണ്‍ രാജു (31), കൂരോപ്പട ളാക്കാട്ടൂര്‍ കല്ലുത്തറ ഉണ്ണിക്കുട്ടന് (ആരോമല്‍-26), മണര്‍കാട് മണ്ഡലത്തില്‍ സനുമോന്‍ (29), അയര്‍ക്കുന്നം അമയന്നൂര്‍ തേവര്‍വടക്കേതില്‍ ശരത് ശശി (25), കോട്ടയം കളക്ടറേറ്റ് കോഴിമല ജിജിന് ഫിലിപ്പ് ( രതീഷ്- 26) എന്നിവരെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് ആറിനു പുലര്‍ച്ചെ മണര്‍കാട് പറപ്പള്ളികുന്ന് ഭാഗത്തുള്ള യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
മുന്‍പ് ഇവരുടെ സുഹൃത്തായിരുന്ന യുവാവ് ഇപ്പോള്‍ ഇവരുമായി സഹകരിക്കാത്തതിനെത്തുടര്‍ന്ന് ഇവര്‍ക്കു യുവാവിനോട് വിരോധമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ സംഘം ചേര്‍ന്ന് യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വടികൊണ്ടും കല്ലുകൊണ്ടും ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെത്തുടര്‍ന്ന് മണര്‍കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ ശക്തമായ തെരച്ചിലിനൊടുവില്‍ ഇവരെ വിവിധ സ്ഥലങ്ങളില്‍നിന്നായി പിടികൂടുകയായിരുന്നു.