ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നടത്തി
1376856
Friday, December 8, 2023 11:44 PM IST
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നടത്തി.
ബ്ലോക്ക് പഞ്ചായത്ത് ഹാളിലായിരുന്നു സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ മെഷീനുകളിൽ ബാലറ്റ് പേപ്പർ സജ്ജീകരിച്ചത്.
12ന് ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നടന്നത്.
ഇരു ഡിവിഷനുകളിലേക്കുമുള്ള 16 വീതം പോളിംഗ് ബൂത്തുകളിലേക്കാവശ്യമായ 32 വോട്ടിംഗ് മെഷീനുകൾക്ക് പുറമെ നാല് റിസർവ് മെഷീനുകളിലുമാണ് ബാലറ്റ് പേപ്പർ സജീകരിച്ചത്.
രണ്ടു ഡിവിഷനുകളിലും എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത്. സീൽ ചെയ്ത മെഷീനുകൾ ബ്ലോക്ക് പഞ്ചായത്തോഫീസിൽ തന്നെയുള്ള സ്ട്രോംഗ് റൂമിലേയ്ക്ക് മാറ്റി.
വരണാധികാരിയും എൽഎസ്ജിഡി അസിസ്റ്റന്റ് ഡയറക്ടറുമായ സി.ആർ. പ്രസാദിന്റെയും ഉപവരണാധികാരിയും ബിഡിഒയുമായ എസ്. ഫൈസലിന്റെയും നേതൃത്വത്തിലാണ് വോട്ടിംഗ് മെഷീനുകൾ സജമാക്കിയത്. 25 ഓളം വരുന്ന ജിവനക്കാരും പങ്കെടുത്തു.
11ന് രാവിലെ ഒന്പതു മുതൽ വോട്ടിംഗ് മെഷീനുകൾ ഓരോ ബൂത്തുകളിലേക്കും ഇവിടെനിന്നു വിതരണം ചെയ്യും. തെരഞ്ഞെടുപ്പിനു ശേഷം വോട്ടിംഗ് മെഷീനുകൾ ഇവിടേക്കു തന്നെ എത്തിക്കും.
13ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ ഹാളിൽ തന്നെയാണ് വോട്ടെണ്ണൽ നടക്കുക. കൂട്ടിക്കൽ ഡിവിഷൻ ആകെ വോട്ടർമാർ 4831 പുരുഷൻമാരും 4935 സ്ത്രീകളും ഉൾപ്പെടെ 9766 വോട്ടർമാരുണ്ട്.
ആനക്കല്ലിൽ ആകെയുള്ള 11611 വോട്ടർമാരിൽ 5758 ആളുകൾ പുരുഷൻമാരും 5853 ആളുകൾ സ്ത്രീകളുമാണ് ഉള്ളത്.