പൊൻകുന്നം ബസ് സ്റ്റാൻഡിലെ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പൂട്ടി
1376853
Friday, December 8, 2023 11:44 PM IST
പൊൻകുന്നം: പൊൻകുന്നം ബസ് സ്റ്റാൻഡിലെ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് വീണ്ടും പൂട്ടി. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് സ്റ്റേഷൻ മാസ്റ്റർ ഓഫീസ്.
അടഞ്ഞുകിടന്ന ഓഫീസ് ഇടക്കാലത്ത് കുറച്ചുനാൾ തുറന്ന് പ്രവർത്തിച്ചെങ്കിലും ഇപ്പോൾ വീണ്ടും പൂട്ടിയ നിലയിലാണ്. പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസിന്റെ ബോർഡും എടുത്തു മാറ്റി.
ശബരിമല സീസൺ കാലത്ത് ഓഫീസ് തുറന്ന് പ്രവർത്തിച്ചാൽ ദൂരെ സ്ഥലങ്ങളിൽനിന്ന് എത്തുന്ന അയ്യപ്പഭക്തർക്ക് അത് ഏറെ സഹായകരമായിരുന്നു.
ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്നവർ വിവിധ സ്ഥലങ്ങളിലേക്കുള്ള ഫാസ്റ്റ് അടക്കമുള്ള ബസുകളുടെ സമയവിവരം തിരക്കുന്നത് ഇവിടെയായിരുന്നു.
ഓഫീസ് നിർത്തിയതോടെ യാത്രക്കാർക്ക് കെഎസ്ആർടിസി ബസുകളുടെ സമയക്രമം അറിയുവാൻ കഴിയാത്ത സ്ഥിതിയാണ്. ഇത്തരത്തിൽ ഓഫീസ് നിർത്തലാക്കിയത് സ്വകാര്യ ബസ് ലോബിയെ സഹായിക്കുവാനാണെന്ന ആക്ഷേപവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്.
കെഎസ്ആർടിസി ബസുകൾക്ക് സ്റ്റാൻഡിലെ സമയം ക്രമീകരിക്കുന്നതിനും ഓഫീസ് സഹായകരമായിരുന്നു. യാത്രയ്ക്ക് ഏറെ സഹായകരമായിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫീസ് പുനഃസ്ഥാപിക്കുവാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.