സപ്ലൈകോ പണം നൽകുന്നില്ല; വിതരണക്കാർ അനിശ്ചിതകാലസമരത്തിന്
1376841
Friday, December 8, 2023 11:37 PM IST
കോട്ടയം: ക്രിസ്മസിനും പുതുവത്സരത്തിനും സര്‍ക്കാരിന്റെ യാതൊരു ആനുകൂല്യവുമില്ല. സപ്ലൈകോ ഔട്ട്ലറ്റുകളില് ഒരു വകയും വില്പനയ്ക്കില്ലാത്തതിനാല് പൊതുവിപണിയില്‍ വില കുത്തനെ ഉയര്‍ന്നുതുടങ്ങി. അരിവില ഇനിയും കൂടുമെന്നാണ് സൂചന.
നവകേരള സദസുമായി നീങ്ങുന്ന മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും സപ്ലൈകോ കടകള്‍ കാലിയാണെന്ന വിവരം മറച്ചുവയ്ക്കുന്നു. സാധനങ്ങള്‍ വാങ്ങിയതില്‍ സപ്ലൈകോ വിതരണ ഏജന്‍സികള്‍ക്ക് 740 കോടി രൂപ നല്‍കാനുണ്ട്.
കുടിശിക നല്‍കാതെ സപ്ലൈകോയില്‍ ഒരു സാധനവും നല്കാന് ഏജന്‍സികള്‍ തയാറല്ല. 44 ഭക്ഷ്യവസ്തുക്കളില്‍ അരി, പഞ്ചസാര, മുളക്, ഉഴുന്ന്, പയര്‍, മല്ലി തുടങ്ങിയ 13 ഇനങ്ങള്‍ 56 ഗോഡൗണുകള്‍ മുഖേന സബ്സിഡി നിരക്കിലാണ് സപ്ലൈകോ നല്‍കുന്നത്. കേരളത്തില്‍ നിലവില്‍ സബ്സിഡിയില്ലാത്ത സാധനങ്ങള്‍ മാത്രമാണ് സപ്ലൈകോ സ്റ്റോറുകളില്‍ ലഭ്യമായിട്ടുള്ളത്.
പണം നല്കാത്തതിനാല് ഓണക്കാലത്തുള്‍പ്പെടെ പല വിതരണക്കാരും സാധനങ്ങള്‍ നല്‍കിയിരുന്നില്ല.
ഇത്തവണ വിതരണ സംഘടന ഒന്നാകെ ബഹിഷ്കരിച്ചത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കടുത്തതോടെയാണ്. 50 ശതമാനം പോലും തുക നല്കാന് സര്‍ക്കാര്‍ തയാറാവുന്നില്ല.
സപ്ലൈകോ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച വിതരണക്കാര്‍ സപ്ലൈകോ ആസ്ഥാനത്ത് അനിശ്ചിതകാലസമരം പ്രഖ്യാപിച്ചു.